തെലങ്കാന: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ വാട്ടർ ടാങ്കിൽ മൂന്ന് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. എട്ട്, ഏഴ്, അഞ്ച് വയസ്സുള്ള കുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ അച്ഛൻ ജലസംഭരണിയിലേക്ക് തള്ളിയിട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
കുട്ടികൾ അച്ഛനോടൊപ്പം അടുത്തുള്ള പലചരക്ക് കടയിൽ നിന്ന് ലഘുഭക്ഷണം വാങ്ങാൻ പോയതായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും അവർ തിരിച്ചെത്താതായപ്പോഴാണ് കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയത്. കുട്ടികളെ കണ്ടെത്താനാകാതെ വന്നതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. ഇതിനിടയിലാണ് പിതാവ് സംശയത്തിന്‍റെ നിഴലിലാകുന്നത്. കുട്ടികളെ വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ടത് അച്ഛനാണെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മരണങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ആദ്യം രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്തു. പിന്നീടാണ് എട്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്താനായത്. കാമറെഡ്ഡി സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ചൈതന്യ റെഡ്ഡിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. കുട്ടികളുടെ മരണത്തിന്‍റെ ചുരുളഴിക്കുന്നതായി നാട്ടുകാർ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.