കാൻപുർ: രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് സഹോദരന്റെ കൈയിൽ രാഖി കെട്ടാനെത്തിയ പെൺകുട്ടി കുഴൽക്കിണറിൽ വീണു മരിച്ചു. ഉപേക്ഷിക്കപ്പെട്ട 20 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് 16 വയസ്സുള്ള പെൺകുട്ടി വീണ് മരിച്ചത്. കാൻപുരിൽനിന്നു 35 കി.മീ അകലെയുള്ള പുർവാമിർ ഗ്രാമത്തിൽ ഇന്നു രാവിലെ 6.40 നാണ് അപകടം സംഭവിച്ചത്. തുടർന്ന് എൻ.ഡി.ആർ.എഫ് ഉൾപ്പടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
വീടിന്റെ മുറ്റത്ത് കുഴിച്ച കുഴൽക്കിണർ നിർമാണം പൂർത്തിയാക്കാതെ ഉപേക്ഷിച്ചതായിരുന്നു. മണ്ണുമാന്തി എത്തിച്ച് കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുത്താണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ഏകദേശം 12 അടി കുഴിച്ചു രക്ഷാപ്രവർത്തനം മുന്നേറിയിരുന്നു. മണ്ണിടിയാൻ സാധ്യതയുള്ള പ്രദേശമായതിനാൽ ജാഗ്രതയോടെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ടശ്രമങ്ങൾക്കു ശേഷം പെൺകുട്ടിയെ പുറത്തെടുത്തത്.
സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് കുഴൽക്കിണർ കുഴിച്ചത്. എന്നാൽ, 20 അടിയെത്തിയപ്പോൾ മണ്ണിടിയുന്നതിനാൽ ഉപേക്ഷിക്കുകയും മറ്റൊരു സ്ഥലത്ത് രണ്ടാമതും കുഴൽക്കിണർ കുഴിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.