ന്യൂഡൽഹി: അമേരിക്കൻ നിർമിത 'ജാവലിൻ ആന്റി-ടാങ്ക് ഗൈഡഡ് മിസൈൽ സിസ്റ്റം വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം അമേരിക്കയുമായി ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു. വിദേശ സൈനിക വിൽപ്പന പ്രക്രിയയിലൂടെയുള്ള ഈ ഇടപാട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്ന് ആയുധ ഇടപാടിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി ഒമ്പത് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.
ഈ കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ആഴമേറിയതും ശക്തവുമാകുന്നതിന്റെ തെളിവാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യൻ സൈന്യത്തിനുള്ള അമേരിക്കയുടെ പിന്തുണയുടെ ആഴം ഈ കരാർ വ്യക്തമാക്കുന്നുണ്ടെന്നും, ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങൾ ഇത് തുറന്നുനൽകുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഏകദേശം 45.7 ദശലക്ഷം ഡോളർ മൂല്യമുള്ളതാണ് ഈ ജാവലിൻ മിസൈൽ ഇടപാട്. അമേരിക്കൻ സൈന്യവും മറൈൻ കോർപ്സും കൂടാതെ നിരവധി അന്താരാഷ്ട്ര ഉപഭോക്താക്കളും ഉപയോഗിക്കുന്ന ഒന്നാണ് ജാവലിൻ. കവചിത വാഹനങ്ങളും കോട്ടകെട്ടിയുള്ള പ്രതിരോധ സ്ഥാനങ്ങളും ഉൾപ്പെടെയുള്ള നിരവധി ലക്ഷ്യങ്ങളെ തകർക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ആയുധം. ആർ.ടി.എക്സ്, ലോക്ഹിഡ് മാർട്ടിൻ എന്നിവയുടെ സംയുക്ത സംരംഭമായ ജാവലിൻ ജോയിന്റ് വെഞ്ചറാണ് ഇത് നിർമിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയും അമേരിക്കയും തങ്ങളുടെ പ്രതിരോധ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. യു.എസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ ചരിത്രപരമായ ഒപ്പുവെക്കൽ, ഇരു രാജ്യങ്ങളുടെയും പ്രതിരോധ വ്യവസായ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സഹഉൽപാദന ചർച്ചകൾക്കും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുമെന്ന് യു.എസ് എംബസി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 100 എഫ്.ജി.എം-148 ജാവലിൻ റൗണ്ടുകളും, 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പരിശീലന സാമഗ്രികളുമാണ് ഇന്ത്യ വാങ്ങുന്നത്. യു.എസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും, ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലകളിൽ രാഷ്ട്രീയ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ ഇടപാട് സഹായിക്കുമെന്ന് യു.എസ് ഡിഫൻസ് സെക്യൂരിറ്റി കോർപ്പറേഷൻ ഏജൻസി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.