യോഗ്യയല്ലെങ്കിൽ അമ്മയാണെങ്കിലും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഇപ്പോൾ ഉറപ്പായി. സ്വന്തം മാനേജറായി നിയമിച്ച അമ്മയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട യുവതിയാണിപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറൽ. അവന്തി നഗ്രാൽ എന്ന യുവതിയാണ് ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യാത്തതിനാൽ അമ്മയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ലിങ്ക്ഡ് ഇന്‍ പ്ലാറ്റ് ഫോമിൽ യുവതി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. കുടുംബം, ജോലി, തൊഴിൽപരമായ അതിരുകൾ എന്നിവയെക്കുറിച്ച് ആളുകൾ കൂടുതലായി ചിന്തിക്കണമെന്നും അവന്തി പറയുന്നു.
ഹാർവാർഡ് സർവകലാശാലയിൽ പഠനത്തിനായി ചേരുന്നതിന് മുമ്പ് ജോലിയിലെ ചില ഉത്തരവാദിത്തങ്ങൾ അമ്മയെ ഏൽപ്പിക്കുകയായിരുന്നു. ആ സമയങ്ങളിൽ വിവിധ കലാപരിപാടികളുമായി തിരക്കിലായിരുന്നതിനാൽ പ്രോഗ്രാം ഷെഡ്യൂളുകളും മറ്റും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ യുവതി പ്രയാസം നേരിട്ടു. പിന്നാലെ ജോലിയിലെ പ്രധാനപ്പെട്ട ചില ചുമതലകൾ അമ്മയെ ഏൽപ്പിക്കുകയായിരുന്നു. ഇമെയിലുകൾ കൈകാര്യം ചെയ്യുക, കരാറുകൾ ഒപ്പിടുക, പ്രതിഫലം നിശ്ചയിക്കുക, യാത്രാക്രമീകരണങ്ങൾ, ഔട്ട്റീച്ച്, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഏറ്റെടുക്കാൻ അമ്മ തയ്യാറായി. ആദ്യമൊക്കെ ആ തീരുമാനം നല്ലതാണെന്ന് അവന്തിക്ക് തോന്നിയെങ്കിലും മാനേജർ എന്ന ചുമതല നിർവഹിക്കുന്നതിനു പകരം ഒരു അമ്മയുടെ ഉത്തരവാദിത്തങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചതോടെ കാര്യങ്ങൾ ബുദ്ധിമുട്ടായിയെന്നും യുവതി പറയുന്നു.
അപകടമെന്നു തോന്നുന്ന കാര്യങ്ങളെല്ലാം അമ്മ ഒഴിവാക്കിത്തുടങ്ങി. ‘രാത്രി വൈകിയുള്ള ഷോകൾ, അപരിചിതമായ നഗരങ്ങളിലേക്കുള്ള യാത്രകൾ, വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികൾ എന്നിവയെല്ലാം അമ്മ ഒഴിവാക്കി. മകളുടെ സുരക്ഷക്കാണ് അവർ മുൻഗണന നൽകിയിരുന്നത്. തനിക്ക് നല്ല അവസരങ്ങൾ വന്നപ്പോൾ അമ്മയെപ്പോലെ ചിന്തിച്ച് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും അവർ പറഞ്ഞു. എന്നാൽ ആത്മാർഥതയില്ലാത്തതുകൊണ്ടല്ല മറിച്ച് പ്രൊഫഷണലായി ചിന്തിക്കാത്തുകൊണ്ടാണ് ഇത്തരം പിഴവുകൾ സംഭവിച്ചതെന്നും പറയുന്നു. കരിയറിലെ സാധ്യതകളേക്കാൾ അമ്മ മുൻതൂക്കം നൽകിയത് തന്‍റെ സുരക്ഷക്കാണെന്നും അവന്തി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.