രാഹുൽ ഗാന്ധി
ന്യൂഡൽഹി: സീ ഗ്രൂപ് ചെയർമാൻ സുഭാഷ് ചന്ദ്രയുടെ 22,006.57 കോടി രൂപ കടം വെറും 6.5 കോടി രൂപയാക്കി ഇളവ് ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ചുരുക്കം ചില ശതകോടീശ്വരർക്ക് ഒരു രീതിയും ബാക്കിയുള്ളവർക്ക് മറ്റൊരു രീതിയുമാണ് മോദി സർക്കാർ ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ചന്ദ്രയുടെ 22,000 കോടി രൂപയുടെ കിട്ടാക്കടം ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) 99.97 ശതമാനവും എഴുതിത്തള്ളി, 6.5 കോടി രൂപയാക്കി ഇളവ് ചെയ്തതിലൂടെ പൊതുജനങ്ങളുടെ പണം അപ്പാടെ കൊള്ളയടിക്കുകയാണ് ചെയ്തതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സാധാരണക്കാരോട് കാർക്കശ്യത്തോടെ സമീപിക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചില വ്യവസായികളോട് ഉദാര മനോഭാവമാണ്. കർഷകന് കേവലം 50,000 രൂപയുടെ കടം തിരിച്ചടക്കാൻ കഴിയാതെവന്നാൽ അയാളുടെ കൃഷിഭൂമി ജപ്തി ചെയ്യും. ശമ്പളക്കാരായ സാധാരണക്കാരന് ഒരു മാസം ഇ.എം.ഐ അടക്കാനാകാതെവന്നാൽ ബാങ്കിന്‍റെ ഏജന്‍റുമാരെത്തും. പാവപ്പെട്ട വിദ്യാർഥികൾക്ക് വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്. എന്നാൽ, ഏതാനും സുഹൃത്തുക്കൾക്ക് ബാങ്കിലെ പണം സ്വന്തം പണം പോലെയാണ്. എത്രവേണമെങ്കിലും എടുക്കാം. എപ്പോൾ വേണമെങ്കിലും അടച്ചാൽ മതിയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 12 വർഷംകൊണ്ട് എൻ.സി.എൽ.ടി മുഖേന എത്ര ലക്ഷം കോടി രൂപ ഇളവ് ചെയ്ത് കൊള്ളയടിച്ചെന്ന് കേന്ദ്ര ധനകാര്യമന്ത്രി വ്യക്തമാക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യസഭ എം.പിയുമായ രൺദീപ് സുർജേവാല ആവശ്യപ്പെട്ടു. 10 ലക്ഷം കോടി രൂപയിലും കൂടുതൽ ഇത്തരത്തിൽ കൊള്ളയടിച്ചിരിക്കാമെന്നാണ് തന്‍റെ അനുമാനമെന്നും അദ്ദേഹം പറഞ്ഞു. സീ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുടെ കാര്യത്തിൽ 22,006.57 രൂപ വെറും 6.5 കോടി രൂപയാക്കി ഇളവ് ചെയ്ത നടപടി നീതിന്യായ തത്ത്വങ്ങളുടെ പ്രഹസനമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.