ബി. നാഗേന്ദ്ര
ബംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതി ആരോപണത്തെ തുടർന്ന് കർണാടക ആസൂത്രണ, സ്ഥിതിവിവരക്കണക്ക് മന്ത്രി ബി. നാഗേന്ദ്ര സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. അഴിമതിക്കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐക്ക് ഗവർണര്‍ അനുമതി നല്‍കിയതോടെയാണ് രാജി.
അധികാരമേറ്റ് 25 ദിവസത്തിനുള്ളിലാണ് രാജി സമര്‍പ്പണം. സ്വമേധയാ മന്ത്രി സ്ഥാനം രാജിവെക്കുകയാണെന്ന് നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർണാടക സർക്കാറിന്റെ മഹർഷി വൽമീകി ഷെഡ്യൂൾഡ് ട്രൈബ്സ് ഡെവലപ്‌മെന്റ് കോർപറേഷനിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത ഫണ്ട് കൈമാറ്റവുമാണ് ‘വാൽമീകി കുംഭകോണം’ എന്നറിയപ്പെടുന്നത്.
2024 മെയ് മാസത്തിൽ കോർപറേഷനിലെ അക്കൗണ്ട്സ് സൂപ്രണ്ടായിരുന്ന പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതോടെയാണ് ഈ അഴിമതി പുറത്തുവന്നത്. കോർപറേഷന്റെ അക്കൗണ്ടിൽ നിന്ന് ഏകദേശം 89.63 കോടി രൂപ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്കും അവിടെനിന്ന് മറ്റ് വ്യാജ അക്കൗണ്ടുകളിലേക്കും അനധികൃതമായി മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അക്കാലത്ത് ഗോത്രക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു നാഗേന്ദ്ര.
വാല്‍മീകി കോര്‍പറേഷനില്‍ നിന്നുള്ള ഫണ്ട് അനധികൃതമായി ചെലവഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ സിദ്ധരാമയ്യ മന്ത്രിസഭയില്‍ നിന്ന് നാഗേന്ദ്ര രാജിവെച്ചിരുന്നു. ഡി.കെയുടെ മന്ത്രിസഭയില്‍ ഇടം ലഭിച്ചതോടെ പ്രതിപക്ഷമായ ബി.ജെ.പിയും ജെ.ഡി.എസും അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ കർണാടക നിയമസഭയുടെ മൺസൂൺ സെഷനിൽ സഭ നടപടികൾ തടസ്സപ്പെടുത്തി.
തുടര്‍ന്ന് നിശ്ചയിച്ചിരുന്ന സമ്മേളനം അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ആഗസ്റ്റ് 24 ന് സഭ അനിശ്ചിതമായി പിരിയുകയായിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ റായ്ച്ചൂർ മുതൽ ബെള്ളാരി വരെ പ്രതിപക്ഷം വലിയ പദയാത്ര പ്രഖ്യാപിക്കുകയും, നിയമസഭയിൽ കനത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തതോടെ സർക്കാറിനുമേൽ സമ്മർദം ഏറി. ഇതിനെ തുടർന്നാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.
89 കോടി രൂപയുടെ അഴിമതിയിൽ നാഗേന്ദ്രക്ക് പങ്കില്ലെന്ന് ഔദ്യോഗിക റിപ്പോർട്ട് കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തിയതെന്ന് അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് ശിവകുമാർ പറഞ്ഞിരുന്നു.
എന്നാൽ, പാർട്ടിക്ക് താന്‍ കാരണം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് സ്വമേധയാ പടിയിറങ്ങുന്നതെന്നും, തനിക്കെതിരെയുള്ളത് രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്ക് ഒന്നിനെയും ഭയമില്ലെന്നും ബി.ജെ.പിയുടെ കേന്ദ്ര ഏജൻസികളെ പേടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.