ന്യൂഡൽഹി: രാജ്യത്ത് കുടുംബങ്ങൾ കോച്ചിങ് സെന്ററുകൾക്കായി വൻതുക ചെലവഴിക്കുന്നുവെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേന്ദ്രസർക്കാർ സൗജന്യ ഓൺലൈൻ കോച്ചിങ് പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ് ആരോപിച്ചു. അതേസമയം, നിലവിലുള്ള സൗജന്യ കോച്ചിങ് പദ്ധതിയുടെ ലക്ഷ്യം പോലും സർക്കാർ കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയറാം രമേശ് കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തിയത്. ജൂൺ 17ന് കോട്ടയിൽ നടന്ന ‘ഛാത്രോൻ കി ഗൂഞ്ജ്’ പരിപാടിയിൽ രാഹുൽ ഗാന്ധി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന പ്രശ്നങ്ങളിലൊന്ന് ചൂണ്ടിക്കാട്ടിയതായി രമേശ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംവിധാനത്തിന് പകരം സ്വകാര്യ കോച്ചിങ് വ്യവസായം ശക്തിപ്പെട്ടെന്നും ഇന്ത്യൻ കുടുംബങ്ങൾ കേന്ദ്രസർക്കാർ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതിന്റെ 2.5 മടങ്ങ് തുക കോച്ചിങ് സെന്ററുകൾക്കായി ചെലവഴിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനെ തുടർന്നുണ്ടായ പൊതുസമ്മർദം മറികടക്കാനുള്ള ശ്രമമായാണ് ആഗസ്റ്റ് 15ന് പ്രധാനമന്ത്രി വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിങ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, സർക്കാരിന്റെ നിലവിലുള്ള സൗജന്യ കോച്ചിങ് പദ്ധതിയുടെ നടത്തിപ്പും ലക്ഷ്യപ്രാപ്തിയും ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യനീതി മന്ത്രാലയത്തിന്റെ സൗജന്യ കോച്ചിങ് പദ്ധതിയിൽ മൂന്ന് വർഷത്തിനിടെ 10,500 പേരെ ഉൾപ്പെടുത്താനായിരുന്നു ലക്ഷ്യം. എന്നാൽ 2,790 പേരെ മാത്രമാണ് ഇതുവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത് പദ്ധതി കണക്കാക്കിയതിന്‍റെ 26 ശതമാനം മാത്രമാണ്. പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഓരോ വർഷവും കുറഞ്ഞുവരികയാണെന്നും കഴിഞ്ഞ വർഷം അനുവദിച്ച തുകയുടെ പകുതിയിൽ താഴെ മാത്രമാണ് ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആഗസ്റ്റ് 10ന് പാർലമെന്റിൽ സമർപ്പിച്ച സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളതെന്നും ജയറാം രമേശ് വ്യക്തമാക്കി.
രാജ്യത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഓൺലൈൻ കോച്ചിങ്ങിനായി പൊതുപണം ചെലവഴിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ജയറാം രമേശ് വിമർശിച്ചു. നിലവിലുള്ള പദ്ധതിയുടെ ലക്ഷ്യങ്ങൾ പോലും കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ പദ്ധതി എത്രത്തോളം ഫലപ്രദമായി നടപ്പാക്കാനാകുമെന്ന കാര്യത്തിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
അതേസമയം, വിദ്യാർഥികളുടെ പ്രശ്നങ്ങൾ ദേശീയ രാഷ്ട്രീയ ചർച്ചയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി 2026ൽ ‘ഛാത്രോൻ കി ഗൂഞ്ജ്’ കാമ്പയ്ൻ ആരംഭിച്ചത്. പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവ്, നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാണ് കാമ്പയിനിലൂടെ ഉയർത്തുന്നത്. കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലും കാമ്പയിന്റെ ഭാഗമായി പരിപാടികൾ നടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.