ബംഗളൂരു: കർണാടകയിലെ എല്ലാ മന്ത്രിമാരെയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഈ മാസം 21ന് ഡൽഹിക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അറിയിച്ചതാണിത്. പാർട്ടിയുടെ ഉന്നത കേന്ദ്ര നേതാക്കളുമായുള്ള ചർച്ചക്കായാണിത്.
സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചില കേന്ദ്രമന്ത്രിമാരെയും സംഘം കാണും. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുവാദം ചോദിച്ചിട്ടുണ്ട്. എന്നാൽ, മോദിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് ശിവകുമാർ വ്യക്തമായി പ്രതികരിച്ചില്ല. നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിലാണുള്ളതെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ശിവകുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെയും ഖാർഗെയെയും ചില സംസ്ഥാന മന്ത്രിമാർ കണ്ടിട്ടില്ല. ഇവരുമായുള്ള ചർച്ചയും നടക്കും.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഡൽഹിയിൽ നടക്കും. സംസ്ഥാനത്തിന്റെ പൂർത്തിയാവാനുള്ള ചില പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചക്ക് കേന്ദ്രമന്ത്രിമാരുടെ സമയം ചോദിച്ചതായും രാഷ്ട്രീയത്തിനതീതമായി കർണാടകയുടെ താൽപര്യങ്ങളുടെ സംരക്ഷണത്തിന് എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.