സ്വയം തോക്കെടുക്കൂ, ആളുകളെ പ്രേരിപ്പിക്കുന്നതെന്തിന്; കർണാടക മന്ത്രിയുടെ കൊലവിളിക്ക് സിദ്ധരാമയ്യയുടെ മറുപടി

ന്യൂഡൽഹി: ​കർണാടക മന്ത്രിയുടെ കൊലവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. വിദ്യാഭ്യാസ മന്ത്രി സി.എൻ അശ്വഥ്നാരായണന്റെ പ്രസ്താവനയിൽ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്ന പൊതുയോഗത്തിനിടെയാണ് ആരോഗ്യമന്ത്രി കൊലവിളി പ്രസംഗം നടത്തിയത്. ടിപ്പു സുൽത്താനേയും സിദ്ധരാമയ്യ​യെയും താരതമ്യം ചെയ്തായിരുന്നു പ്രസ്താവന.

ഉന്നത വിദ്യഭ്യാസ മന്ത്രി എന്നെ കൊല്ലാൻ ആഹ്വാനം ചെയ്തു. ടിപ്പു വധിക്കപ്പെട്ട പോലെ എന്നെയും കൊല്ലാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. നിങ്ങൾ എന്തിനാണ് ആളുകളെ തോക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്. സ്വയം തോക്കെടുക്കുകയാണ് ചെയ്യേണ്ടതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊ​മ്മെ നടപടിയെടുക്കുന്നില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. അശ്വത് നാരായണന്റെ പ്രസ്താവനയെ ബൊമ്മെ അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് ബി.ജെ.പിയുടെ സംസ്കാരമാണ് കർണാടകയിലെ പാർട്ടിയേയും പിടികൂടിയിരിക്കുന്നത്. 2002ൽ ഗുജറാത്ത് കലാപസമയത്ത് മോദി നിശബ്ദത പാലിച്ചത് പോലെ പ്രവർത്തിക്കാനാണ് കർണാടക മുഖ്യമന്ത്രിയുടേയും നീക്കം. എന്നാൽ, കർണാടകയെ ഗുജറാത്താക്കാൻ കന്നഡിഗർ സമ്മതിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. വൊക്കലിംഗ നേതാക്കളായ ഉറി ഗൗഡയും നഞ്ച ഗൗഡയും ടിപ്പുവിനെ വധിച്ചത് പോലെ സിദ്ധരാമയ്യയെയും അവസാനിപ്പിക്കണമെന്നായിരുന്നു കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണന്റെ പ്രസ്താവന.

Tags:    
News Summary - ‘Get the gun’: Siddaramaiah reacts to Karnataka minister's ‘appeal to kill’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.