ബംഗളൂരു: അവസാനമിറങ്ങിയ ഗൗരി ലേങ്കഷ് പത്രികെയുടെ പതിപ്പിലും ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഗൗരി. കന്നട ടാബ്ലോയ്ഡ് വാരികയായ ‘ഗൗരി ലേങ്കഷ് പത്രികെ’ ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ടതിെൻറ പിറ്റേ ദിവസമാണ് പുറത്തിറങ്ങിയത്. വാരികയുടെ എല്ലാ പണികളും പൂർത്തിയാക്കിയ ശേഷമായിരുന്നു ഗൗരി വീട്ടിലേക്ക് മടങ്ങിയത്. ‘ജയിൽപേടിയിൽ വീണ്ടും’ എന്ന തലക്കെട്ടിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയാണ് 16 പേജുള്ള ടാബ്ലോയ്ഡിെൻറ കവർപേജിൽ. മുഖ്യമന്ത്രിയായിരിക്കെ ശിവറാംകാരന്ത് ലേഒൗട്ടിനായി ഏറ്റെടുത്ത ഭൂമി വിജ്ഞാപനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതിരഹിത ബ്യൂറോ കേസ് രജിസ്റ്റർ ചെയ്തതാണ് ഉള്ളടക്കം. മുമ്പ് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് മുൻ മുഖ്യമന്ത്രികൂടിയായ യെദിയൂരപ്പ കുറച്ചുകാലം ജയിലിൽ കഴിഞ്ഞത് ഒാർമിപ്പിക്കുകയാണ് ഗൗരി.
നാല് പ്രധാന സ്റ്റോറികളെക്കുറിച്ച സൂചന കൂടി കവർപേജിലുണ്ട്. രണ്ടെണ്ണം ബി.ജെ.പി നേതാക്കളെക്കുറിച്ചും മറ്റുള്ളവ കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കളെ കുറിച്ചുമുള്ളതാണ്. ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറിെൻറ സ്കൂളുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച ലേഖനവും മൈസൂരു- കുടക് എം.പിയും യുവമോർച്ച സംസ്ഥാന പ്രസിഡൻറുമായ പ്രതാപ് സിംഹയെ വിമർശനവിധേയമാക്കുന്ന ‘പേപ്പർ സിമ്മ’ എന്ന തലക്കെട്ടിലുള്ള കുറിപ്പും വാരികയിലുണ്ട്. സംസ്ഥാന സർക്കാർ തെൻറ സ്കൂളിനുള്ള ഫണ്ടിങ് നിർത്തിവെച്ചതായ കല്ലട്ക്ക പ്രഭാകർ ഭട്ടിെൻറ ആരോപണത്തെ തുടർന്ന് ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെ ഭട്ടിന് പിന്തുണയുമായെത്തിയതിനെയും ഗൗരി ലേഖനത്തിലൂടെ വിമർശിക്കുന്നു.
ഗൗരി എഴുതിയ അവസാന എഡിറ്റോറിയൽ കുറിപ്പിൽ ലവ് ജിഹാദ് കേസിലെയും മുത്തലാഖ് കേസിലെയും സുപ്രധാന വിധികളിലെ സുപ്രീം കോടതിയുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശനവിധേയമാക്കുന്നുണ്ട്. ഇതര മതസ്ഥരുമായുള്ള വിവാഹങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വലതുപക്ഷ സംഘടനകളുടെ സമ്മർദത്തിന് വിധേയമായി കോടതി സ്ത്രീകളുടെ അവകാശങ്ങളെ നിഷേധിക്കുന്നു എന്നായിരുന്നു നിരീക്ഷണം.
ഗൗരി കൊല്ലപ്പെെട്ടങ്കിലും അവരുടെ ആശയങ്ങൾ ഉയർത്തി വാരിക മുന്നോട്ട് കൊണ്ടുപോകുമെന്ന് സഹപ്രവർത്തകർ പറഞ്ഞു. അടുത്ത ലക്കത്തിലേക്കുള്ള ചില മാറ്ററുകൾ സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ചൊവ്വാഴ്ച ഒാഫിസ് വിട്ടിറങ്ങുന്നതിന് മുമ്പ് അവർ പറഞ്ഞിരുന്നു. പക്ഷേ, അതുണ്ടായില്ല. അൽപം വൈകിയായാലും അടുത്ത ലക്കം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ -അസോസിയറ്റ് എഡിറ്റർ സതീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.