ഗൗരി ജീവിച്ചിരുന്നുവെങ്കിൽ മരണാനന്തരം തനിക്ക് ശാന്തിയും സമാധാനവും നേരുന്ന, തന്നെക്കുറിച്ചെഴുതിയ കുറിപ്പുകൾ വായിച്ച് പരിഹസിച്ച് ചിരിച്ചേനെ. സ്വർഗവും നരകവും മരണാനന്തര ജീവിതവുമൊക്കെ വിട്ട് ഈ ഭൂമിയിൽ തന്നെയുള്ള സ്വർഗത്തേയും നരകത്തേയും കുറിച്ചായിരുന്നു ഞങ്ങൾ സ്വപ്നം കാണാൻ ഇഷ്ടപ്പെട്ടിരുന്നത്. ദൈവത്തെ വെറുതെ എല്ലായിടിത്തേക്കും വലിച്ചിഴക്കാനും ഇഷ്ടപ്പെട്ടില്ല. നാം ഇങ്ങനെ ദൈവത്തിന്‍റെ മുന്നിൽ യാചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന്‍റെ കൈയിൽ എല്ലാം അളവിൽക്കൂടുതൽ ഉണ്ടെന്നും ഞങ്ങൾക്ക് അറിയാമായിരുന്നു.
27 വർഷം മുമ്പാണ് ഞങ്ങൾ വിവാഹമോചിതരായത്. വിവാഹത്തിന് മുമ്പ് അഞ്ചു വർഷം പ്രണയിച്ചും വിവാഹത്തിന് ശേഷമുള്ള അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനും ശേഷം ഞങ്ങൾ പിരിഞ്ഞു, ആരെയും വേദനിപ്പിക്കാതെ. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി കഴിഞ്ഞു.
യുക്തിവാദികളുടെ ഈറ്റില്ലമായിരുന്ന നാഷണൽ കോളജിൽ വെച്ചായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയത്. ഞങ്ങളുടെ പ്രിൻസിപ്പൽ ആയിരുന്ന ശ്രീലങ്കൻ യുക്തിവാദി ഡോ. എച്ച്. നരസിംഹയ്യ, ഡോ. എബ്രഹാം കോവൂർ എന്നിവർ പ്രസ്ഥാനത്തിന്‍റെ മുൻനിര വക്താക്കളായിരുന്നു. കൗമാരത്തിന്‍റെ പ്രസരിപ്പിൽ എന്തും ചോദ്യം ചെയ്യാനാണ് അവിടെ നിന്നും ഞങ്ങൾ പഠിച്ചത്. ആൾദൈവങ്ങളെ, അന്ധവിശ്വാസങ്ങളെ എല്ലാം ഞങ്ങൾ ചോദ്യം ചെയ്തു.
വിൽ ഡ്യൂറന്‍റിന്‍റെ സ്റ്റോറി ഓഫ് ഫിലോസഫിയായിരുന്നു ഞങ്ങൾ ഒരുമിച്ച് വായിച്ച ആദ്യ പുസ്തകം. കന്നഡയിൽ അത്ര പ്രഗത്ഭരല്ലാത്ത ഞങ്ങൾ രണ്ടുപേരും അന്ന് 20 ശതമാനം ഡിസ്കൗണ്ടിലാണ് പ്രീമിയർ ബുക്ഷോപ്പിൽ നിന്നും പുസ്തകങ്ങൾ വാങ്ങിയിരുന്നത്. ഞങ്ങൾ എറിക് സെഗാളിന്‍റെ ലവ് സ്റ്റോറി വായിച്ച് ചിരിച്ചു, അബ്ബ, സാറ്റർഡേ നൈറ്റ്, ഗാന്ധി സിനിമ കണ്ടു നടന്നു, ആയിരമായിരം നക്ഷത്രങ്ങളുള്ള രാത്രിയും ഗാലക്സിയും നോക്കി ആസ്വദിച്ചു.
അന്ന് എനിക്കുണ്ടായിരുന്ന പുകവലി ശീലം ഗൗരി വെറുത്തിരുന്നു. പിന്നീട് ഒരിക്കൽ എന്നെ കാണാൻ അമേരിക്കയിലെത്തിയപ്പോൾ (മുൻഭർത്താവിനെ കാണാൻ അമേരിക്കയിലെത്തുന്നവരെക്കുറിച്ചോർത്ത് നിങ്ങൾ അദ്ഭുതപ്പെടുന്നുണ്ടാവും) ഗൗരിയുടെ പുകവലി ശീലത്തെ ഞാൻ പരിഹസിച്ചു. ഞാൻ ശരിക്കും അമേരിക്കക്കാരനായിയെന്ന് പറഞ്ഞ് അവൾ എന്നെ കളിയാക്കി.
വിവാഹമോചനത്തിന് ശേഷവും ഞങ്ങൾ പുലർത്തിപ്പോന്ന അഗാധമായ സൗഹൃദത്തെക്കുറിച്ച് പലരും പരിഹസിക്കാറുണ്ട്. പിരിയുന്നതും വിവാഹമോചനവുമെല്ലാം ഇന്ത്യയിൽ മത്രമല്ല, ലോകത്തെവിടെയും പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഞങ്ങളുടെ ജീവിതത്തിലുമുണ്ടായി അത്തരം സന്ദർഭങ്ങൾ. എന്നാൽ പെട്ടെന്ന് തന്നെ അതൊരു പുതിയ സൗഹൃദത്തിന് വഴിമാറി.
ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചനത്തിന്ശേഷം എം.ജി റോഡിലെ താജിലായിരുന്നു ഞങ്ങൾ ഉച്ചഭക്ഷണത്തിന് പോയത്. അവിടെ നിന്ന് യാത്ര പറഞ്ഞ് ആദ്യം ഡൽഹിയിലേക്കും പിന്നീട് മുംബൈയിലേക്കും പിന്നീട് വാഷിങ്ടൺ ഡി.സിയിലേക്കും ഞാൻ കുടിയേറി. ഈ സ്ഥലങ്ങളിലെല്ലാം ജീവിതത്തെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സംസാരിക്കാൻ അവൾ വന്നു. ഞങ്ങൾ തമ്മിൽ ചൂടേറിയ വാഗ്വാദങ്ങൾ നടന്നു.
തന്‍റേടിയായ ഗൗരിയെ എന്‍റെ അച്ഛനമ്മമാർ സ്നേഹിച്ചിരുന്നു. പാരമ്പര്യവും വിശ്വാസവും മുറുകെ പിടിച്ചവരായിരുന്നിട്ടും അവർ അവളെ സ്നേഹിച്ചു. ഞങ്ങൾ പിരിഞ്ഞതിനുശേഷവും. എന്‍റെ അമ്മ മരിക്കുന്ന സമയത്തും ഗൗരി അവരോടൊപ്പം ഉണ്ടായിരുന്നു.
ഗൗരിയുടെ കുടുംബവുമായി എനിക്കുള്ള ബന്ധം അതുല്യമായിരുന്നു. എഴുത്തുകാരനും നാടകപ്രവർത്തകനും സിനിമാ പ്രവർത്തകനും അക്കാലത്തെ മുഴുവൻ വിപ്ളവകാരികളുടേയും ആവേശവുമായിരുന്ന ലങ്കേഷ് എന്‍റെയും പിതാവായിരുന്നു. ഞാൻ അപ്പാ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ മരണശേഷം 2000ത്തിൽ ലങ്കേഷ് പത്രിക ഏറ്റെടുത്തുകൊണ്ട് ഗൗരി നല്ലൊരു പോരാളിയാണ് എന്ന് തെളിയിച്ചു.
വർഷങ്ങൾക്ക് ശേഷം ഞാൻ ബംഗളൂരുവിൽ വീട് വെച്ചപ്പോൾ ഗൗരി ഫോണിൽ വിളിച്ച് പറഞ്ഞു. ഞാൻ ഒരാളെ അങ്ങോട്ട് വിടുന്നുണ്ട്. രണ്ട് പെൺകുട്ടികളുണ്ട് അവർക്ക്. അവരുടെ വിദ്യാഭ്യാസമെല്ലാം ശ്രദ്ധിക്കണം. അന്ന് ഗൗരി പറഞ്ഞയച്ച രമാക്കയും മക്കളായ ആഷയും ഉഷയും ഇപ്പോഴും അവിടെയുണ്ട്. ഡിഗ്രിയിെടുത്ത ശേഷം ജോലി ചെയ്യുകയാണ് ഇന്നവർ.
ഞാനും മേരിയും കുട്ടികളും ഇന്ത്യയിലുള്ളപ്പോൾ ഗൗരി പ്രഖ്യാപിച്ചു, ഞാൻ അങ്ങോട്ട് വരുന്നു. കുട്ടികളെ കാണാനായി അവൾ ഇടക്കിടെ വരും, കുറേ സമ്മാനങ്ങളുമായി. എല്ലായ്പോഴും തിരക്ക് പിടിച്ച ജീവിതത്തിൽ ഒരിക്കൽ അവളെഴുതി, പത്രത്തിന്‍റെ ജോലികളുമായി മുന്നോട്ടുപോകുകയും ഈ വലതുപക്ഷക്കാരെ സഹിക്കുകയും ചെയ്യുക എന്തൊരു അസഹനീയമാണെന്നോ..
കഴിഞ്ഞ ദിവസം വിളിച്ച് താൻ മകനെയും കൂട്ടി വരികയാണെന്ന് പറഞ്ഞു. ഞാൻ അദ്ഭുതപ്പെട്ടു. മകനെ ദത്തെടുത്തോ? ഞാൻ ചോദിച്ചു. അവൾ ചിരിച്ചു. കനയ്യ കുമാർ.. ജെ.എൻ.യുവിലെ.. അതെ അവനെ നിനക്ക് ഇഷ്ടമാകും.
കുറച്ചു കഴിഞ്ഞ് ഫ്ളൈറ്റ് ലേറ്റ് ആയതിനാൽ വരാൻ കഴിയില്ല എന്നും അറിയിച്ചുകൊണ്ട് വിളിച്ചു. അതായിരുന്നു അവസാനത്തെ ഫോൺവിളി. ഗൗരിയില്ലാത്ത ഇന്ത്യയിലേക്ക് വരികയാണ് ഞാൻ. ഇടതുപക്ഷ സഹയാത്രിക, ഹിന്ദുത്വത്തിനെതിര നിലപാടെടുത്തവൾ, മതേതരവാദി അങ്ങനെ ഒരുപാട് വിശേഷണങ്ങൾ അവൾക്ക് ചേരും.. എന്നാൽ, എനിക്ക് 'സൗന്ദര്യത്തിന്‍റെയും കൃപയുടേയും ആത്ഭുതപ്പെടുത്തുന്ന ആൾരൂപ'മാണ് ഗൗരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.