പാകിസ്താനിൽ പോയ അദ്വാനി ജിന്നയെ പുകഴ്ത്തി; മോദി നവാസ് ശരീഫിന് ജൻമദിനാശംസകൾ നേർന്നു, ഞങ്ങളാരും അങ്ങനെ ചെയ്തിട്ടില്ല -ഹിമന്തക്ക് മറുപടിയുമായി ഗൗരവ് ഗൊഗോയ്

ന്യൂഡൽഹി: തന്റെ പാക് സന്ദർശനത്തെ വളച്ചൊടിച്ച അസം മുഖ്യമന്ത്രി ഹിമന്ത ശർമക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ്. ഗൗരവ് ഗൊഗോയ് പാകിസ്താൻ സന്ദർശിച്ചത് ഐ.എസ്.ഐയുടെ ക്ഷണപ്രകാരമാണ് എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ഹിമന്തയുടെ ആരോപണം. മാത്രമല്ല, സന്ദർശനത്തെ കുറിച്ച് ഇന്ത്യൻ അധികൃതരെ അറിയിച്ചിട്ടില്ലെന്നും ആരോപണമുയർന്നു. 15 ദിവസമാണ് ഗൊഗോയ് ഇത്തരത്തിൽ പാകിസ്താനിൽ താമസിച്ചത്. പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ജി.ഒക്കായി ഇന്ത്യയിൽ എലിസബത്ത് ജോലി ചെയ്യുന്നുണ്ടെന്നും ഹിമന്ത ശർമ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയിൽ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കാൻ വിദേശരാജ്യങ്ങളിലേക്കയക്കുന്ന സർവകക്ഷി സംഘത്തിൽ ഗൗരവ് ഗൊഗോയിയെ ഉൾപ്പെടുത്തിയതാണ് ഹിമന്തയുടെ പ്രകോപനത്തിന് കാരണം. അസം എം.പിയും ലോക്സഭ ഉപനേതാവുമാണ് ഗൊഗോയ്.

എന്നാൽ താനല്ല, ആദ്യമായി പാകിസ്താൻ സന്ദർശിക്കുന്ന ഇന്ത്യൻ രാഷ്ട്രീയ നേതാ​വെന്ന് ഗൊഗോയ് ഹിമന്തയെ ഓർമപ്പെടുത്തി. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താൻ സന്ദർശിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാര്യ എലിസബത്ത് വഴിയാണ് ഗൊഗോയ് ഐ.എസ്.ഐയുമായി ബന്ധം പുലർത്തിയതെന്നും ഹിമന്ത ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് മറുപടിയായി 2005ൽ പാകിസ്താനിൽ പോയ എൽ.കെ. അദ്വാനി മുഹമ്മദലി ജിന്നയുടെ ഖബറിടം സന്ദർശിച്ചതും അവിടെ പൂക്കളർപ്പിച്ചതും സ്തുതി ഗീതം പാടിയതും ഗൊഗോയ് ചൂണ്ടിക്കാട്ടി.

2014ൽ മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഉണ്ടായിരുന്നു. 2015ൽ മോദി ലാഹോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയും ചെയ്തു.

അവിടെയെത്തിയ പ്രധാനമന്ത്രി, നവാസ് ശരീഫിന് ജൻമദിനാശംസകൾ നേർന്ന കാര്യവും രേഖകൾ ഉദ്ധരിച്ച് ഗൊഗോയ് വിവരിച്ചു.

തങ്ങൾ പാകിസ്താനിലേക്ക് പോയാൽ അത് ഭീകരകുറ്റകൃത്യമായി. എന്നാൽ മോദി പോയാൽ അത് ബിരിയാണി നയതന്ത്രമാകുന്നത് എങ്ങനെയാണെന്നും ഗൊഗോയ് ചോദിച്ചു.

ഭീകര-ഇന്റലിജൻസ്-സൈനിക നക്സസ് തകർക്കാത്തിടത്തോളം കാലം പാക് നേതൃത്വത്തിൽ വിശ്വാസമില്ലെന്ന കാര്യം പല തവണ പറഞ്ഞിട്ടുണ്ട്. ഞങ്ങളൊരിക്കലും ജിന്നക്ക് സ്തുതി ഗീതം പാടാനായി പോയിട്ടില്ല. നവാസ് ശരീഫിന് ജൻമദിനാശംസകൾ നേരാനും പോയിട്ടില്ല. ഈ എസ്.ഐ.ടിക്ക് സത്യവുമായി പുലബന്ധം പോലുമില്ല. അ​തൊരു രാഷ്ട്രീയപരവും അപകീർത്തിപ്പെടുത്തുന്നതുമായ ഒരു തന്ത്രമാണ്. -ഗൊഗോയ് പറഞ്ഞു. നേരത്തേ ഗൊഗോയിയുടെ മക്കൾ ഇന്ത്യൻ പൗരൻമാരല്ലെന്നും ഹിമന്ത ആരോപിച്ചിരുന്നു. 

Tags:    
News Summary - Under Himanta fire, Gaurav Gogoi hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.