തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ തകർക്കാനുള്ള എൻ.ഐ.എ റെയ്ഡിൽ അഭിഭാഷകനടക്കം രണ്ടു പേർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ന്യൂഡൽഹി: തീവ്രവാദ-ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉത്തരേന്ത്യയിൽ നടത്തിയ വ്യാപക റെയ്ഡിൽ അഭിഭാഷകൻ അടക്കം രണ്ടു പേർ അറസ്റ്റിൽ. അഭിഭാഷകനെ ഡൽഹിയിൽ നിന്നും മറ്റൊരാളെ ഹരിയാനയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി എൻ.ഐ.എ അറിയിച്ചു.

വടക്ക് കിഴക്ക് ഡൽഹിയിലെ ഉസ്മാൻപൂർ ഏരിയയിലെ ഗൗതം വിഹാറിൽ താമസിക്കുന്ന ആസിഫ് ഖാനാണ് അറസ്റ്റിലായത്. ആസിഫിന്‍റെ വീട്ടിൽ നിന്ന് ആയുധങ്ങളും തോക്കുകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ജയിലിലും പുറത്തുമുളള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിട്ടുണ്ട്. ക്രിമിനൽ സംഘങ്ങളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയാണ് ആസിഫ് ചെയ്തിരുന്നതെന്ന് എൻ.ഐ.എ വ്യക്തമാക്കി.

ഹരിയാന സോനാപത്തിലെ ബസൗദി സ്വദേശി രാജു മോത്ത എന്നറിയപ്പെടുന്ന രാജേഷാണ് അറസ്റ്റിലായത്. സോനാപത്തിലും സമീപപ്രദേശങ്ങളിലും മദ്യമാഫിയയുമായി രാജേഷിനും അദ്ദേഹത്തിന്‍റെ കൂട്ടാളികൾക്കും ബന്ധമുണ്ട്. ഹരിയാനയിലെ കുപ്രസിദ്ധ ഗുണ്ടയായ കാല ജതേദി എന്നറിയപ്പെടുന്ന സന്ദീപിന്‍റെ അടുത്ത അനുയായിയാണ് ഇയാൾ. മദ്യവ്യവസായത്തിനായി വൻ നിക്ഷേപം രാജു മോത്ത നടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു.  

ഉത്തരേന്ത്യയിൽ വ്യാപകമാകുന്ന തീവ്രവാദ-ഗുണ്ടാ സംഘങ്ങളുടെ ബന്ധം തകർക്കാനാണ് എൻ.ഐ.എ ചൊവ്വാഴ്ച വ്യാപക റെയ്ഡ് നടത്തിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ 52 സ്ഥലങ്ങളിലാണ് സംഘം തിരിഞ്ഞ് റെയ്ഡ് നടത്തിയത്.

ഇന്ത്യയും വിദേശത്തും കേന്ദ്രീകരിച്ച് തീവ്രവാദികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് കടത്തുകാർ, എന്നിവക്കിടയിലുള്ള അവിശുദ്ധ ബന്ധം ഇല്ലാതാക്കാനാണ് എൻ.ഐ.എ നടപടി. തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ആഗസ്റ്റ് 26ന് ഡൽഹി പൊലീസ് രണ്ട് കേസുകൾ വീണ്ടും രജിസ്റ്റർ ചെയ്തിരുന്നു. 

Tags:    
News Summary - Gangsters-terrorist nexus case: NIA arrests two including an advocate in Delhi, raids 52 across India's 4 states, one UT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.