അരുൺഗാവ്‍ലിയും ഭാര്യയും മക്കളായ ഗീതക്കും യോഗിതക്കുമൊപ്പം
മുംബൈ: കൊള്ളസംഘത്തിൽനിന്ന് രാഷ്ട്രീയക്കാരനായി മാറിയ അരുൺ ഗാവ്‌ലിയുടെ പെൺമക്കളായ സഹോദരിമാരായ ഗീത ഗാവ്‌ലിയും യോഗിത ഗാവ്‌ലി-വാഗ്‌മാരെയും വെള്ളിയാഴ്ച മുംബൈയിലെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. വരാനിരിക്കുന്ന ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ബൈക്കുള നിയോജകമണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചു.
മുൻ കോർപറേഷൻ അംഗമായ ഗീത ഗാവ്‌ലി, അഖിൽ ഭാരതീയ സേനയുടെ ടിക്കറ്റിൽ വാർഡ് നമ്പർ 212 ൽ നിന്നും, ഇളയ സഹോദരി യോഗിത ഗാവ്‌ലി-വാഗ്‌മാരെ വാർഡ് നമ്പർ 207 ൽ നിന്നും പത്രിക സമർപ്പിച്ചു. ഇതോടെ നാമനിർദേശ പത്രിക സമർപ്പിച്ച ആകെ സ്ഥാനാർഥികളുടെ എണ്ണം ഒമ്പതായി.
ഗീത ഗാവ്‌ലി തെരഞ്ഞെടുപ്പിലെ പരിചിത മുഖമാണ്.2017 ലെ ബിഎംസി തെരഞ്ഞെടുപ്പിൽ വാർഡ് 212 ൽ നിന്ന് വിജയിച്ചു. അരുൺ ഗാവ്‌ലി ഒരുകാലത്ത് രാഷ്ട്രീയ സ്വാധീനം ചെലുത്തിയിരുന്ന ബൈക്കുളയിൽ ഗാവ്‌ലി കുടുംബം അപ്രമാദിത്വം വീണ്ടെടുക്കാനുള്ള സൂചനയാണ് മത്സരരംഗത്തേക്കുള്ള വരവ്. സഹോദരി യോഗിതയാവട്ടെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുകയാണ്.
മധ്യ മുംബൈയിൽ ഗാവ്‌ലി കുടുംബത്തിന് ദീർഘമായ രാഷ്ട്രീയ ചരിത്രമുണ്ട്. അവരുടെ അമ്മായിയായ വന്ദന ഗാവ്‌ലി 2012 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 207 ൽ നിന്ന് വിജയിച്ചിരുന്നു, പക്ഷേ 2017 ൽ തോറ്റു. ഈ വർഷം വന്ദന ശിവസേനയുടെ ഷിൻഡെ വിഭാഗത്തിൽ ചേർന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച്, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 30 ആണ്. നിരവധി പ്രധാന പാർട്ടികൾ ഇതുവരെ ഔദ്യോഗിക സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ, അവസാന ദിവസങ്ങളിൽ നാമനിർദേശ പത്രികകളിൽ വർധന ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പുകളിൽ വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്കുള മത്സരത്തിന് ഗാവ്‌ലി സഹോദരിമാരുടെ രംഗപ്രവേശം ഒരു പ്രധാന രാഷ്ട്രീയ ആകർഷണം നൽകി. ബിഎംസി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 2026 ജനുവരി 15 ന് നടക്കും. വോട്ടെണ്ണൽ 2026 ജനുവരി 16 ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.