ഡൽഹിയിൽ പൊലീസ് വേഷത്തിലെത്തി 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
ന്യൂഡൽഹി: ഡൽഹിയിൽ 17 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. പൊലീസ് വേഷത്തിലെത്തിയ മൂന്നംഗ സംഘമാണ് പാർക്കിൽ വെച്ച് പെൺകുട്ടിയെ ആക്രമിച്ചത്. ഡൽഹി സ്വദേശിനിയായ പെൺകുട്ടി 17 കാരനായ ആൺസുഹൃത്തിനൊപ്പം തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ കൽക്കാജി മന്ദിറിൽ എത്തുകയും പ്രാർത്ഥന നടത്തിയതിനു ശേഷം സമീപത്തെ ഒരു പാർക്കിലേക്ക് പോവുകയുമായിരുന്നു.
ഈ സമയം 25നും 30നും ഇടയിൽ പ്രായമുള്ള മൂന്നംഗ സംഘം പൊലീസുകാരാണെന്ന വ്യാജേന ഇവിടേക്ക് കടന്നുവരികയായിരുന്നു. തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ച ആൺസുഹൃത്തിനെ പ്രതികൾ ബലമായി പിടിച്ചുമാറ്റുകയും ചെയ്തു.
രാത്രിയോടെയാണ് പൊലീസ് വിവരമറിഞ്ഞത്. ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനും സംഭവത്തിന്‍റെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനുമായി പാർക്കിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
ഇതിനിടയിൽ പ്രതികളിൽ ഒരാളെ പിടികൂടിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.