10 കൗൺസിലർമാരുണ്ടായിട്ടും ബിജെപി സ്ഥാനാർഥിക്ക് കിട്ടിയ വോട്ട് പൂജ്യം; രാജസ്ഥാനിൽ ചെയർപേഴ്സൺ സ്ഥാനം ആർഎൽപിക്ക്

ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുണ്ട്വാ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. നഗരസഭയിൽ ഏറ്റവും കൂടുതൽ കൗൺസിലർമാരുള്ള ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല.

ബി.ജെ.പി സ്ഥാനാർഥി ഗീത ദേവിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി സ്ഥാനാർഥി അൽക്ക ദേവി കന്ദോയി 13 വോട്ട് നേടി ചെയർപേഴ്സണായി. സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്തിന് 12 വോട്ടാണ് ലഭിച്ചത്. ഒരു വോട്ടിനാണ് അൽക്ക ദേവി കന്ദോയിയുടെ വിജയം.

25 അംഗങ്ങളുള്ള മുണ്ട്വാ നഗരസഭയിൽ ബി.ജെ.പി 10 വാർഡുകളിലാണ് വിജയിച്ചത്. ആർ.എൽ.പി ഏഴ് സീറ്റുകളും കോൺഗ്രസ് മൂന്ന് സീറ്റുകളും നേടി. അഞ്ച് സ്വതന്ത്ര കൗൺസിലർമാരുമുണ്ട്. ഇതോടെ വാർഡ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ബി.ജെ.പി ഗീത ദേവിയെ ഔദ്യോഗിക സ്ഥാനാർഥിയാക്കി. അതേസമയം, പാർട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെ തുടർന്ന് ബി.ജെ.പി മുൻ കൗൺസിലറായ ഘനശ്യാം സദാവത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. ഇതോടെ ഘനശ്യാം സദാവത്ത് 12 വോട്ട് നേടി. ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാർഥിക്ക് പൂജ്യം വോട്ടായി.

അൽക്ക കന്ദോയിയെ കോൺഗ്രസും ആർ.എൽ.പിയും പിന്തുണച്ചു. ഇരു പാർട്ടികൾക്കും കൂടി 10 കൗൺസിലർമാരാണുള്ളത്. എന്നാൽ അന്തിമ വോട്ടെടുപ്പിൽ അൽക്കക്ക് 13 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ 10 കൗൺസിലർമാരിൽ ആരും ഔദ്യോഗിക സ്ഥാനാർഥിയായ ഗീത ദേവിക്ക് വോട്ട് ചെയ്തില്ല.

Tags:    
News Summary - BJP Candidate Gets Zero Votes in Rajasthan Civic Poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.