പൊതുസമ്മേളനത്തിലെ മുഖ്യാതിഥി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിവാദ്യം ചെയ്യുന്നു
ചെന്നൈ: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഏക മത, ഏക രാഷ്ട്രത്തിലേക്ക് നയിക്കുന്നവരെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ താഴെ ഇറക്കണമെന്ന സന്ദേശം രാജ്യം മുഴുവൻ എത്തിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുസ്‍ലിം ലീഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിലൂടെ മാത്രമേ ഇക്കൂട്ടരിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാനാവൂ. മതേതര കക്ഷികളുടെ ഐക്യത്തിന് മുസ്‍ലിം ലീഗ് നടത്തുന്ന ശ്രമങ്ങൾക്ക് ഡി.എം.കെയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ വർഷങ്ങളായി വിചാരണ കൂടാതെ തടവിലിട്ട മുസ്‍ലിംകളെ മോചിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ തന്റെ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഗവർണർക്ക് അയച്ചെങ്കിലും അദ്ദേഹം തിരിച്ചയച്ചിരിക്കുകയാണ്. നിരവധി പേരെ വഴിയാധാരമാക്കുന്ന ചൂതാട്ടം നിരോധിക്കാനാവശ്യപ്പെട്ട് നൽകിയ ബില്ല് പോലും തിരിച്ചയച്ച ഈ ഗവർണറിൽനിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെയും ഇസ്‍ലാമിക സമൂഹവും തമ്മിലെ ബന്ധം ഇന്റർനെറ്റ് യുഗത്തിൽ ആരംഭിച്ചതല്ല. കലൈജ്ഞരുടെ കാലം മുതൽ പതിറ്റാണ്ടുകൾ നീണ്ട സുദൃഢമായ ബന്ധമാണത്. ഒരു കൊമ്പൻ വിചാരിച്ചാലും അത് തകർക്കാനാവില്ല. കരുണാനിധി മുസ്‍ലിമായി പിറന്നതല്ലെങ്കിലും അവരെ കൂടെപ്പിറപ്പുകളെപ്പോലെയാണ് കരുതിയിരുന്നത്. ഇതേ വഴിയിലാണ് താനും സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ ഭരണഘടനപോലും പ്രതിസന്ധി നേരിടുന്ന സാഹചര്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
ഉത്തരേന്ത്യയിൽ മുസ്‍ലിംകളും ദലിതരും കടുത്ത ഭീഷണി നേരിടുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും മതേതര കക്ഷികൾ ഒന്നിക്കുന്നതുകൊണ്ടാണ് സംഘ് പരിവാർ ഭീഷണി ഇല്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എ.എം. മുഹമ്മദ് , പീർ മുഹമ്മദ് എന്നിവർ സംസാരിച്ചു. തമിഴ്നാട് ന്യൂനപക്ഷക്ഷേമ മന്ത്രി കെ.എസ്. മസ്താൻ, സി.പി.എം തമിഴ്നാട് സെക്രട്ടറി ബാലകൃഷ്ണൻ, സി.പി.ഐ സെക്രട്ടറി മുത്തരസൻ തുടങ്ങിയവർ പങ്കെടുത്തു.
ചെന്നൈ: മുസ്‍ലിം ലീഗ് 75ാം വാർഷിക ദിനാഘോഷ വേളയിൽ വിവിധ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾക്ക് ആദരം. പി.കെ.കെ. ബാവ, പി.എച്ച്. സലാം ഹാജി, സി.ടി. അഹമ്മദാലി, എം.സി. മുഹമ്മദ്, ഇസ്ഹാഖ് കുരിക്കൾ (കേരളം), മർഗൂബ് ഹുസൈൻ, മുഈനുദ്ദീൻ, അബ്ദുൽ ഹമീദ് അൻസാരി (ഡൽഹി), മീർ മഹമൂദ് എസ്. ഇനാംദർ (കർണാടക), മുഹമ്മദ് മസ്ഹർ ഹുസൈൻ ശഹീദ് (തെലങ്കാന), അബ്ദുൽ ഖാലിക് (പശ്ചിമ ബംഗാൾ), പി.കെ.ഇ. അബ്ദുല്ല, കെ.പി. മുഹമ്മദ് ഹാജി, ഡോ. ഹക്കീം സയിദ് ഖലീഫത്തുല്ല, പ്രഫ. എസ്. ഷാഹുൽ ഹമീദ് (തമിഴ്നാട്), സമിഉല്ല അൻസാരി (മഹാരാഷ്ട്ര), ഷറഫുദ്ദീൻ അൻസാരി (രാജസ്ഥാൻ) എന്നിവരെയാണ് ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.