കുടുകുടെ ചിരിപ്പിച്ചൊരാൾ പഞ്ചാബിന്റെ ഭരണസാരഥ്യത്തിലേക്ക് നടന്ന വഴി

്ഒരു സിനിമാകഥ പോലെ, ഇരുട്ടി വെളുക്കുന്ന വേഗതയിലായിരുന്നു ഭഗവന്ത് മാൻ എന്ന രാഷ്ട്രീയക്കാരന്റെ പിറവിയും വളർച്ചയും. ഹാസ്യ നടനിൽ നിന്ന് ആദ്യം എം.പിയും ഇപ്പോൾ പഞ്ചാബിന്റെ മുഖ്യമന്ത്രിയുമായി മാറിയ ഭഗവന്ത് മാന്റെ വളർച്ച ആരെയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. രാഷ്ട്രീയത്തിലെ വൻമരങ്ങളെ അപ്രസക്തനാക്കി പഞ്ചാബിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്ന ആ മഞ്ഞത്തലപ്പാവുകാരന്റെ, അധികമാരുമറിയാത്ത ജീവിതം തേടി ഇന്റർനെറ്റിൽ തിരയുന്ന തിരക്കിലാണ് പലരും.

പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സതോജ് ഗ്രാമത്തിൽ 1973 ഒക്ടോബർ 17 നാണ് ഭഗവത് സിങ് മാന്‍റെ ജനനം. സംഗ്രൂരിൽ നിന്നും പഠനം പൂർത്തിയാക്കിയ മാൻ സുനാമിലെ ഷഹീദ് ഉദ്ദം സിങ് ഗവൺമെന്‍റ് കോളേജിൽ കൊമേഴ്സ് ബിരുദത്തിന് ചേർന്നു. എന്നാൽ ആദ്യ വർഷം മാത്രമേ മാനിന് പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചുള്ളൂ. പിന്നീട് പഠനം ഉപേക്ഷിച്ച് ഹാസ്യനടനിലേക്കുള്ള യാത്രയായിരുന്നു.

കോളേജ് പഠന കാലഘട്ടത്തിൽ പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും ഇന്റർ കോളേജ് മത്സരങ്ങളിലും പങ്കെടുത്ത് എല്ലാവരെയും ചിരിപ്പിക്കാൻ മാനിന് സാധിച്ചിരുന്നു. മത്സരങ്ങളിൽ വിജയിച്ച മാൻ രണ്ട് സ്വർണ മെഡലുകളാണ് തന്‍റെ കോളേജിനായി നേടിയത്.

പഠനം ഉപേക്ഷിച്ച ശേഷം പ്രമുഖ ഹാസ്യനടൻ ജഗ്ഗാർ ജഗ്ഗിയുമായി ചേർന്ന് നിർമ്മിച്ച 'ജുഗ്നു കെ ഹന്ദാ ഹേ' എന്ന കോമഡി ആൽബത്തിലൂടെയാണ് മാന്‍റെ കലാ രംഗത്തേക്കുള്ള രംഗപ്രവേശം. 1992ൽ ക്രിയേറ്റീവ് മ്യൂസിക് കമ്പനിയിൽ ചേർന്ന മാൻ, 2013 വരെ ഡിസ്കോഗ്രഫിയിൽ സജീവമായിരുന്നു. 1994ൽ 'കചഹാരി' എന്ന ചിത്രത്തിലൂടെ മാൻ സിനിമാ ജീവിതത്തിന് ആരംഭം കുറിച്ചു. 2018 വരെ 18 ഓളം സിനിമകളിലാണ് മാൻ അഭിനയിച്ചിട്ടുള്ളത്. പ്രമുഖ ഹാസ്യ നടൻ കപിൽ ശർമ്മയോടൊപ്പം സ്റ്റാർ പ്ലസിന്റെ പ്രശസ്ത കോമഡി ഷോയായ ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ചിലും മാൻ പ്രത്യക്ഷപ്പെട്ടിരുന്നു.


കോൺഗ്രസ് നേതാവും മാനിന്‍റെ എതിരാളിയുമായിരുന്ന നവ്ജ്യോത സിങ് സിദ്ദു വിധികർത്താവായ ഷോയിൽ അടക്കം മാൻ പരിപാടി അവതരിപ്പിക്കുന്നതിന്‍റെ വീഡിയോകൾ പഞ്ചാബിലെ ആപ്പിന്റെ വിജയപ്പെരുമഴക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സിദ്ദു ജഡ്ജ് ആയ സ്റ്റാർ പ്ലസ് ചാനലിലെ 'ജോക് സഭ' പരിപാടിയിൽ അവതരിപ്പിച്ച തമാശകൾ കേട്ട് സിദ്ദു ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സിദ്ദുവിനെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാനിന് സാധിച്ചുവെന്നായിരുന്നു വീഡിയോകൾക്ക് പ്രേക്ഷകരുടെ പ്രതികരണം.

ഹാസ്യനടനായിരിക്കെ മാൻ ഒരു കുട്ടിയായി അഭിനയിച്ച വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന് അധ്യാപകൻ ചോദിക്കുമ്പോൾ 'മതിയായ വിദ്യാഭ്യാസം ലഭിച്ചാൽ ഉദ്ദ്യോഗസ്ഥനാകണമെന്നും അല്ലെങ്കിൽ എം.എൽ.എയോ മന്ത്രിയോ ആകണ'മെന്നുമായിരുന്നു മാന്‍റെ പ്രതികരണം. രസകരമായ വീഡിയോകളാണ് മാനിന്‍റെ പുതിയ ചിത്രങ്ങളും പഴയ വീഡിയോകളും കൂട്ടിച്ചേർത്ത് വിരുതന്മാർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

ഹാസ്യനടനായി തന്‍റെ കരിയറിന്‍റെ കൊടുമുടിയിൽ നിൽക്കുമ്പോളാണ് മാന്‍റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 2011ൽ മൻപ്രീത് ബാദലിന്‍റെ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിൽ മാൻ അംഗമായി. 2012ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച മാൻ പരാജയപ്പെട്ടിരുന്നു.

2014ലാണ് ആം ആദ്മി പാർട്ടിയിലെത്തുന്നത്. ഇതോടെയാണ് മാന്‍റെ രാഷ്ട്രീയ ജീവിതത്തിൽ സുപ്രധാന വഴിത്തിരിവുകൾ ഉണ്ടായത്. 2014 മേയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മാൻ സംഗ്രൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുകയും രണ്ട് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ അകാലിദൾ സ്ഥാനാർഥിയായ സുഖ്ദേവ് സിങിനെ പരാജയപ്പെടുത്തി എം.പിയാകുകയും ചെയ്തു. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ നേരിയ കുറവ് വന്നെങ്കിലും വൻ വിജയം തന്നെയായിരുന്നു മാൻ സ്വന്തമാക്കിയത്. പീപ്പിൾസ് പാർട്ടി സ്ഥാനാർഥിക്കെതിരെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കായിരുന്നു രണ്ടാം തവണ മാൻ വിജയം നേടിയത്.

സമൂഹ മാധ്യമങ്ങളിലും സജീവമാണ് മാൻ. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാനിന്റെ അക്കൗണ്ടുകളുണ്ട്. 367,000-ത്തിലധികം ഫോളോവേഴ്‌സ് ആണ് മാനിന് ഇൻസ്റ്റഗ്രാമിലുള്ളത്. ഫേസ്ബുക്കിൽ 2.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും മാനിനുണ്ട്. വാഹേഗുരുവിന്‍റെ ഭക്തനാണ് മാൻ. പതിവായി സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതും മാന്‍റെ ഇഷ്ടങ്ങളിൽ ഒന്നാണെന്ന് ദേശീയ മാധ്യമങ്ങൾ പറ‍യുന്നു.

കോൺഗ്രസ് കോട്ടയായ പഞ്ചാബിലാണ് വൻ ഭൂരിപക്ഷത്തോട് വിജയിച്ച് മാൻ അധികാരത്തിലെത്തുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയിൽ മാന്റെ നേതൃത്വത്തിൽ എ.എ.പി 90 സീറ്റുകളിലാണ് വിജയം കൈവരിച്ചത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.

'മുഖ്യമന്ത്രി എന്ന വാക്കിന് സാധാരണക്കാരന്‍ എന്നാണ് അർഥം. എന്‍റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാ കാലവും പ്രശസ്തി എനിക്ക് പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാൻ വീണിട്ടില്ല, വീഴുകയുമില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും. മുഖ്യമന്ത്രിയായാൽ തന്നെയും ജനങ്ങളെ മറക്കില്ല, അവരെ വിട്ടൊഴിഞ്ഞു നിൽക്കില്ല. കാരണം ഈ പ്രശസ്തിയെന്നത് എനിക്ക് പുതിയ അനുഭവമല്ല' - പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഭഗവന്ത് മാൻ പറഞ്ഞവാക്കുകളാണിത്. സാധാരണക്കാർക്കായി പ്രവർത്തിക്കാനും നിലപാടുകൾ സ്വീകരിക്കാനും ചങ്കുറപ്പുള്ള മുഖ്യമന്ത്രിയാകും മാൻ എന്ന വിശ്വാസത്തിലാണ് പഞ്ചാബിലെ ജനത. 


Tags:    
News Summary - From comedian to Politician: Story of Punjab CM Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.