ഇംഫാൽ: മണിപ്പൂരിലെ ചുരചന്ദാപൂരിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. സോമി, ഹമർ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഘർഷമുണ്ടായത്. രണ്ട് ഗോത്രങ്ങളുടേയും ഉന്നത സമിതികൾ സമാധാനമുണ്ടാക്കുമെന്ന് കരാർ ഉണ്ടാക്കിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
സുരക്ഷാസേനക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി തവണ സുരക്ഷാസേന ടിയർ ഗ്യാസ് ഷെല്ലുകൾ പ്രയോഗിച്ചു. ചില ആളുകൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. വെടിവെച്ചവർ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
സംഘർഷത്തിന് പിന്നാലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.
സംഘർഷത്തിൽ പ്രതിഷേധവുമായി സോമി സ്റ്റുഡന്റ്സ് ഫെഡറേഷൻ രംഗത്തെത്തി. ആളുകൾ പരമാവധി സംയമനം പാലിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റും അഭ്യർഥിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഹമർ ഇൻപുയിയും സോമി കൗൺസിലും സംഘർഷം അവസാനിപ്പിക്കാനും ജനജീവിതം സാധാരണയിലാക്കാനും കരാറിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ഹമർ ഇൻപുയി ജനറൽ സെക്രട്ടറി റിച്ചാർഡിനെ ചിലർ ആക്രമിച്ചതാണ് വീണ്ടും പ്രശ്നങ്ങൾ തുടരാൻ കാരണമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.