ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിലെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റൈൽ വ്യവസായിയും വർദ്മാൻ ഗ്രൂപ്പ് ചെയർമാനുമായ എസ്.പി ഓസ്‍വാളിൽ നിന്നും തട്ടിയെടുത്തത് ഏഴ് കോടി രൂപ. സി.ബി.ഐ ഓഫീസർമാരെന്ന വ്യാജേനെയെത്തിയാണ് തട്ടിപ്പ് നടത്തിയത്. കോടതി മുറിയും ചീഫ് ജസ്റ്റിസിനേയും വരെ വ്യാജമായി സൃഷ്ടിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്.
ഓസ്‍വാൾ ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളംപണം വെളുപ്പിക്കലിൽ പ്രതിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മലേഷ്യയിലേക്ക് ഒരു പാഴ്സൽ അയക്കാൻ ആധാർകാർഡ് ഓസ്‍വാൾ ദുരുപയോഗം ചെയ്തുവെന്നും ഇവർ ആരോപിച്ചു.
സ്ക്കൈപ്പ് കോളിലൂടെ സുപ്രീംകോടതി മുറിയും ചീഫ് ജസ്റ്റിസിനേയും വരെ ഇവർ വ്യാജമായി സൃഷ്ടിച്ചുവെന്നും പിന്നീട് ഏഴ് കോടി രൂപ അക്കൗണ്ടിലേക്ക് നൽകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഓസ്‍വാൾ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ മുഖം കണ്ടില്ലെങ്കിലും അദ്ദേഹം സംസാരിക്കുന്നതും കോടതിയിൽ ചുറ്റികവെച്ച് അടിക്കുന്നതും തനിക്ക് കേൾക്കാമായിരുന്നുവെന്നും ഓസ്‍വാൾ മൊഴി നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റ് വ്യാജരേഖകളും തനിക്ക് ലഭിച്ചു. തുടർന്നാണ് വ്യവസായി ഏഴ് കോടി രൂപ നൽകിയത്.
അതേസമയം, നഷ്ടപ്പെട്ട പണത്തിൽ 5.25 കോടി രൂപ വീണ്ടെടുത്ത് ഓസ്‍വാളിന്റെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അസം, പശ്ചിമബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.