ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ അടുത്ത യോഗം ഡിസംബർ 19ന് ഡൽഹിയിൽ നടക്കും. ഈ മാസം ആറിന് വിളിച്ച യോഗം നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് 19ന് ഉച്ചക്കുശേഷം മൂന്നു മണിക്ക് വീണ്ടും യോഗം വിളിച്ചത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒരുമിച്ചു നേരിടുന്നത് യോഗം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.
അഖിലേഷ് യാദവും കോൺഗ്രസും തമ്മിലുള്ള ഭിന്നത പരിഹരിച്ച ശേഷമാണ് ഇൻഡ്യ സഖ്യം പുതിയ യോഗ തീയതി പ്രഖ്യാപിച്ചത്. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.പിയുമായുള്ള സീറ്റ് വിഭജന ചർച്ചയിൽനിന്ന് പിന്മാറി ഒറ്റക്ക് നിന്ന കോൺഗ്രസിനെതിരെ അഖിലേഷ് യാദവ് പരസ്യമായി പ്രതികരിച്ചത് സഖ്യത്തിൽ ഇരു കൂട്ടരും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിച്ച് നാലിടത്തും തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ് ഇൻഡ്യ സഖ്യകക്ഷികളുടെ രോഷം ഏറ്റുവാങ്ങുന്നതിനിടയിലാണ് യോഗം വിളിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ ആദ്യ സമ്പൂർണ യോഗമാണിത്. ആറിന് തിരക്കിട്ട് വിളിച്ച യോഗത്തെ കുറിച്ച് പല പ്രതിപക്ഷ നേതാക്കൾക്കും മുൻകൂട്ടി വിവരം ലഭിച്ചില്ലെന്ന ആക്ഷേപമുയർന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ജനതാദൾ -യു നേതാവ് നിതീഷ് കുമാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ അസൗകര്യം അറിയിക്കുകയും ചെയ്തു. അതോടെ പാർലമെന്റിലെ ഇൻഡ്യ സഖ്യകക്ഷി നേതാക്കളുടെ യോഗമാണെന്ന് മാറ്റിപ്പറഞ്ഞുവെങ്കിലും തൃണമൂൽ കോൺഗ്രസ് അടക്കമുള്ളവർ വിട്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.