നാലുതവണ ‘മിസ്റ്റർ ഇന്ത്യ’യായ ആശിഷ് സഖർകർ 43-ാം വയസ്സിൽ നിര്യാതനായി

മുംബൈ: നാലുതവണ ‘മിസ്റ്റർ ഇന്ത്യ’ പട്ടം ചൂടിയ മുംബൈ സ്വദേശി ആശിഷ് സഖർകർ 43-ാം വയസ്സിൽ നിര്യാതനായി. ബോഡി ബിൽഡിങ്ങിൽ ഇന്ത്യയൊന്നാകെ അറിയപ്പെട്ടിരുന്ന ആശിഷ്, നാലു തവണ രാജ്യത്തെ മികച്ച ബോഡി ബിൽഡർക്കുള്ള മിസ്റ്റർ ഇന്ത്യ പട്ടം നേടിയതി​നുപുറമെ അന്താരാഷ്ട്ര തലത്തിലുള്ള മിസ്റ്റർ യൂനിവേഴ്സ് മത്സരത്തിൽ രണ്ടാം സ്ഥാനക്കാരനുള്ള സിൽവർ മെഡലും മൂന്നാം സ്ഥാനക്കാരനുള്ള വെങ്കല മെഡലും നേടിയിട്ടുണ്ട്.

അസുഖബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഭാര്യയും ഒരു മകനു​മുണ്ട്.

മുംബൈയിലെ പരേലിൽ താമസിക്കുന്ന ആശിഷിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒരാഴ്ച മുമ്പ് സൗത്ത് മുംബൈയിലെ ആ​​ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ ബോഡി ബിൽ​ഡേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹിരാൽ ഷേത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. 80 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ആശിഷ് സഖർക്കർ ദേശീയ, രാജ്യാന്തര തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയതിനു പുറമെ മഹാരാഷ്ട്ര സർക്കാറിന്റെ ശിവ് ഛത്രപതി അവാർഡിനും അർഹനായിരുന്നു.

സഖർകറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അനുശോചിച്ചു. രാജ്യത്തിന്റെ യശസ്സുയർത്തിയ ആശിഷിന്റെ വിയോഗം ബോഡി ബിൽഡിങ് കൂട്ടായ്മക്ക് കനത്ത നഷ്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെയും അനുശോചിച്ചു.

Tags:    
News Summary - Four-time ‘Mr. India’ Ashish Sakharkar passes away at 43

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.