ബംഗാളിലെ അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രതിനിധി സംഘമെത്തി

കൊൽക്കത്ത: വോട്ടെണ്ണലിന് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നാലംഗ പ്രതിനിധി സംഘം സംസ്ഥാനത്തെത്തി. ആഭ്യന്തര മന്ത്രാലയം അഡീഷനൽ ചീഫ് സെക്രട്ടറി ഗോവിന്ദ് മോഹൻ, മാനവവിഭവശേഷി മന്ത്രാലയം അഡീഷനൽ സെക്രട്ടറി വിനിത് ജോഷി, ഇന്‍റലിജൻസ് ബ്യൂറോ ജോയിന്‍റ് ഡയറക്ടർ ജനാർദൻ സിങ്, സെൻട്രൽ റിസർവ് പൊലീസ് ഐ.ബി ഉദ്യോഗസ്ഥൻ നളിൻ എന്നിവരാണ് സംഘത്തിലുള്ളത്.

അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ബംഗാൾ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു.

വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിൽ പരക്കെ അക്രമ സംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളിലെ അക്രമങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊല്ലപ്പെട്ടവരിൽ ആറു പേർ പാർട്ടി പ്രവർത്തകരാണെന്ന് അവകാശപ്പെട്ട ബി.ജെ.പി, തൃണമൂൽ ​ഗുണ്ടകൾ പാർട്ടി ഓഫീസുകൾ തകർത്തതായും ആരോപിച്ചിരുന്നു. അതേസമയം, ബി.ജെ.പിയുടെ ആരോപണങ്ങൾ തൃണമൂൽ കോൺ​ഗ്രസ് നിഷേധിച്ചു. ബി.ജെ.പിയുടെ അക്രമത്തിൽ ഒരു പാർട്ടി പ്രവർത്തക൯ കൊല്ലപ്പെട്ടതായി തൃണമൂൽ നേതൃത്വം വ്യക്തമാക്കി.

തങ്ങളുടെ പ്രവർത്തകൻ കൊല്ലപ്പെട്ടതായി കോൺഗ്രസ്-ഇടതുപക്ഷ സഖ്യമായ ഇന്ത്യ൯ സെക്കുലർ ഫ്രണ്ടും ആരോപിച്ചു.

Tags:    
News Summary - Four-member MHA team arrives in West Bengal to probe post-poll violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.