മമത ബാനർജി

മമത മത്സരിക്കില്ല; പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി മത്സരിക്കില്ല. നന്ദിഗ്രാമിൽ സഞ്ചിത പ്രധാനെയും റെജിനഗറിൽ റബീഉൽ ആലം ചൗധരി​യെയും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചു.

സഞ്ചിത പുതുമുഖവും ​റബീഉൽ ആലം മുൻ എം.എൽ.എയുമാണ്. രണ്ട് മണ്ഡലങ്ങളിൽനിന്ന് ജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി, മുൻ തൃണമൂൽ നേതാവും എ.ജെ.യു.പി​ സ്ഥാപകനുമായ ഹുമയൂൺ കബീർ എന്നിവർ രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

2026ലെ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഭവാനിപുർ മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് 15,105 വോട്ടുകൾക്ക് മമത ബാനർജി പരാജയപ്പെട്ടിരുന്നു. നേരത്തേ മമത നന്ദിഗ്രാമിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

അതേസമയം, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും ബി.ജെ.പിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതു വരെ പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ മാറി മാസങ്ങൾക്കുള്ളിൽ തന്നെ ബി.ജെ.പിയുടെ യഥാർഥ മുഖം സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. സെൻസസ് നടപടിയിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കാനുള്ള ‘പിന്നാമ്പുറ ശ്രമം’ നടക്കുകയാണെന്നും മമത ആരോപിച്ചു.

സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിന് എതിരായ പ്രതിഷേധങ്ങൾക്കിടയിലും മമത ബി.ജെ.പി സർക്കാരിനെ വിമർശിച്ചു. അർഹതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗുണഭോക്താക്കളുടെ എണ്ണം കുറക്കുകയാണെന്ന് അവർ ആരോപിച്ചു.

സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിനാണ് തങ്ങൾ ലക്ഷ്മിർ ഭണ്ഡാർ പദ്ധതി ആരംഭിച്ചതെന്നും, എന്നാൽ അന്നപൂർണ ഭണ്ഡാറിന്റെ ആനുകൂല്യം നൽകുന്നതിൽ ബി.ജെ.പി സർക്കാർ മതവും ജാതിയും പരിഗണിക്കുകയാണെന്നും മമത ബാനർജി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.