ന്യൂഡൽഹി: കലാപം ഉയർത്തിയ നാല് ജഡ്ജിമാരുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നടത്തിയ രണ്ടാംവട്ട ചർച്ചയും ഫലവത്തായില്ല. കോടതി നടപടികൾ തുടങ്ങുംമുമ്പ് അഞ്ചുപേർക്കുമിടയിൽ നടന്നത് 15 മിനിറ്റ് ചർച്ച മാത്രം. പ്രശ്നപരിഹാരം ഇനിയും നീളും.ചീഫ് ജസ്റ്റിസ് കേസുകൾ വിഭജിച്ചുനൽകുന്നതിൽ വിവേചനം കാട്ടുന്നെന്ന് കുറ്റപ്പെടുത്തി മുതിർന്ന ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ വാർത്തസമ്മേളനം നടത്തിയിട്ട് ഒരാഴ്ച പിന്നിടുകയാണ്. മറ്റു ജഡ്ജിമാരും അഭിഭാഷക പ്രതിനിധികളും ഇവർക്കിടയിൽ സംഭാഷണങ്ങൾ നടത്തിയിട്ടും മഞ്ഞുരുകുന്നില്ല.
കേസ് വിഭജിക്കുന്നത് യുക്തിസഹമാക്കുന്നതിന് എന്തൊക്കെ ചെയ്യാനാവുമെന്ന കാര്യത്തിൽ നാല് മുതിർന്ന ജഡ്ജിമാരുമായി മറ്റു രണ്ടു ജഡ്ജിമാർ കൂടിയാലോചന നടത്തി കരട് തയാറാക്കി. ഇത് ചീഫ് ജസ്റ്റിസ് പരിശോധിക്കണം. എല്ലാവരും ഒന്നിച്ചിരുന്ന് ധാരണയുണ്ടാക്കണം. ഇൗ പ്രക്രിയയാണ് 15 മിനിറ്റ് സംഭാഷണമായി ഒതുങ്ങിയത്. യോഗം മറ്റു ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നില്ല. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ്, ഇടഞ്ഞ നാലു ജഡ്ജിമാരുമായി പേരിനൊരു കൂടിക്കാഴ്ച നടത്തിയിരുന്നു. പിറ്റേന്നും ചർച്ച നടത്താൻ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ചെലമേശ്വർ അസുഖംമൂലം അവധിയെടുത്തതിനാൽ നടന്നില്ല. അതിനുശേഷമുള്ള ചർച്ചയാണ് 15 മിനിറ്റിൽ ഒതുങ്ങിയത്.
സുപ്രീംകോടതിയിലെ ഭിന്നത സംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി എത്തി. എന്നാൽ, ചീഫ് ജസ്റ്റിസ് അത് ഫയലിൽ സ്വീകരിച്ചില്ല.
ജഡ്ജിമാർക്കിടയിൽ രൂപപ്പെട്ട പ്രതിസന്ധി സുപ്രീംകോടതിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന കണക്കുകൾ പുറത്തുവരുന്നുണ്ട്. ഇൗയാഴ്ച 17 കേസുകളാണ് വാദംകേൾക്കൽ പൂർത്തിയാക്കി വിധിപറയാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ഒന്നാം നമ്പർ കോടതി ഒമ്പതു കേസുകൾ വിധിപറയാൻ മാറ്റി. മറ്റു നാലു ബെഞ്ചുകൾ എട്ടു കേസുകൾ വിധിപറയാൻ മാറ്റിവെച്ചു. 16 കേസുകളിൽ വിധി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.