മൈസൂരു നഗരത്തിൽ വിശ്വേശരയ്യ നഗറിലെ അപ്പാർട്മെന്റിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേതൻ (45) ഭാര്യ രൂപാലി (43) മകൻ കുശാൽ (15) ചേതന്റെ അമ്മ പ്രിയംവദ (62) എന്നിവരെയാണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാരണ്യപുര പരിധിയിലെ സങ്കൽപ് അപ്പാർട്ട്‌മെൻ്റിൽ താമസിക്കുന്ന കുടുംബമാണ് മരിച്ചതെന്ന് മൈസൂരു പോലീസ് കമ്മീഷണർ സീമ ലട്‌കർ പറഞ്ഞു.
ചേതൻ തൂങ്ങിമരിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊലപ്പെടുത്തിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വ്യത്യസ്ത ഫ്ലാറ്റുകളിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അമ്മ ഒന്നിലും ചേതനും ഭാര്യയും മകനും മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. ഹാസനിലെ ഗൊരൂർ സ്വദേശിയാണ് ചേതൻ. ചേതൻ യു.എസിലുള്ള തൻ്റെ സഹോദരൻ ഭരതിനെ ഫോണിൽ വിളിച്ച് അപായ സൂചന നൽകിയിരുന്നു. പിന്നീട് ഭരത്, രൂപാലിയുടെ മാതാപിതാക്കളെ വിളിച്ച് മൈസൂരുവിൽ അവർ താമസിക്കുന്ന സ്ഥലത്ത് ചെന്ന് പരിശോധിക്കാൻ ആവിശ്യപ്പെട്ടതിനെ തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ചേതൻ ഒരു മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. 2019ൽ മൈസൂരുവിലേക്ക് താമസം മാറുന്നതിന് മുമ്പ് വരെ ദുബൈയിൽ ജോലി ചെയ്തിരുന്നു. മൈസുരുവിൽ ഒരു ലേബർ കോൺട്രാക്ടറായി ജോലിചെയ്തിരുന്ന ചേതൻ ഓൺലൈൻ നടപടി ക്രമങ്ങൾ വഴി തൊഴിലാളികളെ സൗദിയിലേക്ക് അയച്ചിരുന്ന ഏജന്റായിരുന്നെന്ന് പോലീസ് കമ്മീഷണർ സീമ ലട്‌കർ പറഞ്ഞു.
ഫോറൻസിക് സയൻസ് ടീമിന്റെയും ക്രൈം ഓഫീസർ (എസ്.ഒ.സി.ഒ) ടീമിൻ്റെയും വിദഗ്ധ പരിശോധനക്ക് ശേഷം മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്താമെന്നും സീമ ലട്‌കർ പറഞ്ഞു. ഇന്നലെ കുടുംബം ഗോരൂരിലെ ക്ഷേത്രത്തിൽ പോയി മൈസുരുവിലെ കുവെമ്പ് നഗറിലുള്ള ചേതന്റെ ബന്ധുവീട്ടിൽ നിന്നും അത്താഴം കഴിച്ചിട്ടാണ് വീട്ടിലേക്ക് മടങ്ങിയതെന്നും സീമ ലട്‌കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.