മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്ക സംവരണം; കേസ്​ നേരത്തെയാക്കി

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിലെ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത്​ സമർപ്പിച്ച ഹരജികൾ ഒരു ദിവസം നേരത്തെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ തുടർച്ചയായ രണ്ടാം ദിവസവും ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യാഴാഴ്​ച പരിഗണിക്കുമെന്ന്​ അറിയിച്ച കേസ്​ ബുധനാഴ്ച കേൾക്കാമെന്ന്​ അറിയിച്ചത്​. കേസ്​ പരിഗണിക്കാൻ മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാൻ കഴിയുമോയെന്ന് നോക്കുമെന്നും ഇല്ലെങ്കിൽ രണ്ടംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നീറ്റ്​ പി.ജി. കൗൺസലിങ്​ വൈകുന്നതിൽ റസിഡന്‍റ്​ ഡോക്ടർമാർ പ്രതിഷേധത്തിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡത്തിൽ ഇളവ്​ വരുത്തിയ വിദഗ്​ധ സമിതി റിപ്പോർട്ട്​ അംഗീകരിച്ചതായി​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽനിന്ന്​ വീടി​ന്‍റെയും പുരയിടത്തിന്‍റെയും വലുപ്പം ഒഴിവാക്കിയാണ്​ വിദഗ്​ധ സമിതി മാനദണ്ഡത്തിൽ മാറ്റം വരുത്തിയത്​​.

പ്രവേശന നടപടികൾക്കിടയിൽ മുന്നാക്ക സംവരണത്തിന്‍റെ സാമ്പത്തിക മാനദണ്ഡങ്ങൾ മാറ്റുന്നത്​ സങ്കീർണതകളുണ്ടാക്കുന്നതിനാൽ പുതിയ മാനദണ്ഡം അടുത്ത അധ്യയന വർഷം മുതലാണ്​ നടപ്പിലാക്കുക. ഈ വർഷം തൽസ്ഥിതി തുടരും. അ​തേസമയം കുടുംബത്തിന്‍റെ ഉയർന്ന വാർഷിക വരുമാന പരിധി എട്ട്​ ലക്ഷം രൂപ ആക്കിയത്​ സുപ്രീംകോടതി ചോദ്യം ചെയ്തുവെങ്കിലും തുടരുമെന്നാണ്​ കേന്ദ്രം അറിയിച്ചിരിക്കുന്നത്​. 

Tags:    
News Summary - forward reservation in medical admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.