ശ്രീലങ്കയിൽ നടന്ന ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനവേദിയിലെ വിരുന്നിൽ എ.ബി. വാജ്പേയി ബീഫിനോട് വിരോധം പ്രകടിപ്പിച്ചിരുന്നോ? ഇല്ലെന്ന് അന്ന് കൊളംബോയിൽ റിപ്പോർട്ടിങ്ങിനായി എത്തിയ മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ പറയുന്നു. 'മാധ്യമം' ആഴ്ചപ്പതിപ്പിൽ എഴുതുന്ന ആത്മകഥാ പരമ്പര ‘ന്യൂസ് റൂമി’ലാണ് ഇൗ ‘ബീഫ്’ കഥ പറയുന്നത്.
1977-79ൽ ജനതാ സർക്കാറിന്‍റെ കാലത്തായിരുന്നു കൊളംബേയിൽ ചേരിചേരാ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടന്നത്. അന്നത്തെ സമ്മേളനത്തെ ഉലച്ച നിർണായക വിഷയത്തിൽ നിലപാടെടുക്കാൻ വാജ്പേയിക്ക് കഴിഞ്ഞിെല്ലന്ന് ബി.ആർ.പി. ഭാസ്കർ എഴുതുന്നു. ചേരിചേരാ പ്രസ്ഥാനത്തിലെ സ്ഥാപക അംഗമായ ഇൗജിപ്ത് നിലപാട് മാറ്റി ഇസ്രായേലുമായി കരാർ ഒപ്പിട്ടതായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയം.
ബി.ആർ.പി ഭാസ്കർ എഴുതുന്നു: ‘‘ഇന്ത്യൻ പത്രപ്രതിനിധികൾക്ക് വാജ്പേയി ഒരു ദിവസം ഉച്ചഭക്ഷണം നൽകി. ഒരു പതിറ്റാണ്ടു മുമ്പ് വഡോദരയിൽ ജനസംഘത്തിന്റെ ദേശീയ കൗൺസിൽ സമ്മേളനം നടക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്നു. അന്ന് വിളമ്പിവെച്ച ഭക്ഷണത്തിനു മുന്നിലിരുന്ന് ഗായത്രിമന്ത്രം ഉരുവിട്ടശേഷമാണ് വാജ്പേയിയും മറ്റ് സംഘ നേതാക്കളും ആഹാരം കഴിച്ചത്. കൊളംബോയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അവിടത്തെ രീതിയിൽ വാജ്പേയിയും ഞങ്ങളും ഭക്ഷണം കഴിച്ചു.
മുമ്പിലിരുന്ന ഒരു പാത്രത്തിലെ വിഭവം വാജ്പേയി കോരി സ്വന്തം േപ്ലറ്റിലിട്ടപ്പോൾ തൊട്ടപ്പുറത്തിരുന്ന ലേഖകൻ അദ്ദേഹത്തോട് പറഞ്ഞു: ‘‘പണ്ഡിറ്റ്ജി, അത് ബീഫാണ്.’’ വാജ്പേയി പുഞ്ചിരിച്ചു കൊണ്ട് പ്രതിവചിച്ചു: ‘‘ഇത് ഇന്ത്യൻ പശു അല്ല.’’
തമിഴ് വംശീയാക്രമണം നടന്ന കാലത്ത് കൊളംബോയിലുണ്ടായിരുന്ന എഴുത്തുകാരി കമലാ സുരയ്യയും ഭർത്താവ് കെ. മാധവദാസുമായും ബന്ധപ്പെട്ട അനുഭവങ്ങളും ബി.ആർ.പി. ഭാസ്കർ എഴുതുന്ന ‘ന്യൂസ് റൂമി’െൻറ ഇൗ ലക്കത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.