കൊൽക്കത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ് സ്വർണമെഡൽ ജേതാവും പശ്ചിമ ബംഗാൾ മുൻ സി.പി.എം എം.പിയുമായിരുന്ന ജ്യോതിർമയി സിക്ദർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെർച്വൽ റാലിയിൽ ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മണിക്കൂറുകൾക്കകമാണ് സി.പി.എം നേതാവ് ബി.ജെ.പിയിലെത്തിയത്. ചൊവ്വാഴ്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിെൻറ സാന്നിധ്യത്തിലാണ് 50കാരിയായ ജ്യോതിർമയി സിക്ദർ ബി.ജെ.പിയിൽ ചേർന്നത്.
2004ൽ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സത്യബ്രദ മുഖർജിയെ പരാജയപ്പെടുത്തിയാണ് ജ്യോതിർമയി സിക്ദർ ലോക്സഭയിലെത്തിയത്. 2009ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. അതിനുശേഷം സി.പി.എം സംസ്ഥാന നേതാവെന്ന നിലയിൽ ശക്തമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യക്ക് വേണ്ടി പല അന്താരാഷ്ട്ര അത്ലറ്റിക്സ് മത്സരങ്ങളിലും ജ്യോതിർമയി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ നിന്ന് നിരവധി നേതാക്കളാണ് സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മൂന്ന് തവണ സി.പി.എം എം.എൽ.എയായിരുന്ന ഖഗൻ മുർമു ഇപ്പോൾ ബി.ജെ.പി എം.പിയാണ്. മറ്റൊരു മുൻ സി.പി.എം എം.എൽ.എ മഹ്ഫുസ ഖാതൂൻ നിലവിൽ പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറാണ്. ഇവർ രണ്ട് വർഷം മുമ്പാണ് ബി.ജെ.പിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.