Photo credit: Bar and Bench

'യു.പിയി​ലെ മുസ്ലിം വേട്ടക്കെതിരെ ഇടപെടണം' സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഭരണകൂടം നടത്തുന്ന മുസ്‌ലിം വേട്ടക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തെഴുതി മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചെന്ന പേരിൽ നടക്കുന്ന വ്യാപക അറസ്റ്റിലും മുസ്‌ലിം വീടുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയിയിലും കോടതി സ്വമേധയാ ഇടപെടണമെന്നാണ് 12 പേർ ഒപ്പിട്ട കത്തി​ലെ ആവശ്യം.

ഉത്തർപ്രദേശിൽ അടുത്തിടെയായി ഭരണകൂടം നടത്തുന്ന അതിക്രമത്തിലും അടിച്ചമർത്തലിലും കോടതി സ്വമേധയാ ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ കേൾക്കാൻ തയാറാവുകയോ സമാധാനപരമായി പ്രതിഷേധിക്കാൻ അനുവദിക്കുകയോ ചെയ്യുന്നതിന് പകരം അത്തരം വ്യക്തികൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ അനുമതി നൽകുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തി.

പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് 300ലേറെ പേരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള യുവാക്കളെ ലാത്തികൊണ്ട് അടിക്കുന്നതിന്റെയും കാരണമോ നോട്ടീസോ കാണിക്കാതെ പ്രതിഷേധക്കാരുടെ വീടുകൾ തകർക്കുന്നതിന്റെയും മുസ്‌ലിം പ്രതിഷേധക്കാരെ പൊലീസ് പിന്തുടർന്ന് മർദിക്കുന്നതിന്റെയുമെല്ലാം വിഡിയോ ദൃശ്യങ്ങൾ രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിയമവാഴ്ചയുടെ അട്ടിമറിയും പൗരാവകാശങ്ങളുടെയും രാജ്യം നൽകുന്ന ഭരണഘടന, മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഇത്തരം ഭരണകൂട വേട്ടകൾ.

ഇത്തരം നിർണായക ഘട്ടങ്ങളിലാണ് നീതിന്യായ വ്യവസ്ഥയുടെ ആർജവം പരീക്ഷിക്കപ്പെടുന്നത്. സമീപകാലത്തടക്കം നിരവധി തവണ നീതിന്യായ വ്യവസ്ഥ ഇത്തരം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പൗരാവകാശങ്ങളുടെ സംരക്ഷകരായി കോടതി മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്. ഇതേ വീര്യത്തോടെ, ഭരണഘടന സംരക്ഷകരെന്ന നിലക്കു തന്നെ, ഉത്തർപ്രദേശിൽ ക്രമസമാധാനനില തകർക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കം കോടതി സ്വമേധയാ നടപടിയെടുക്കണം. കോടതി സാഹചര്യത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്നും കത്തിൽ കൂട്ടിച്ചേർത്തു.

മുൻ സുപ്രീംകോടതി ജഡ്ജിമാരായ ബി. സുദർശൻ റെഡ്ഡി, എ.കെ ഗാംഗുലി, വി. ഗോപാല ഗൗഡ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമീഷൻ ഓഫ് ഇന്ത്യ മുൻ ചെയർപേഴ്‌സനുമായ ജസ്റ്റിസ് എ.പി ഷാഹ്, മദ്രാസ് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു, കർണാടക ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് മുഹമ്മദ് അൻവർ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരായ ശാന്തിഭൂഷൺ, പ്രശാന്ത് ഭൂഷൺ, ഇന്ദിര ജെയ്‌സിങ്, ചന്ദർ ഉദയ് സിങ്, ആനന്ദ് ഗ്രോവർ, മദ്രാസ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

Tags:    
News Summary - Former judges and advocates write to Supreme Court for action against bulldozing of Muslim residence in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.