ടി.ആർ.പി കേസിൽ മുൻ ബാർക്ക് മേധാവിക്ക് ജാമ്യം

മുംബൈ: ടെലിവിഷൻ റേറ്റിങ്​ പോയന്‍റ്​ (ടി.ആർ.പി) പെരുപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക്) മുൻ മേധാവി പാർഥ ദാസ് ഗുപ്തക്ക് ബോംബെ ഹൈക്കോടതി ജാമ്യം നൽകി. ജസ്റ്റിസ് പ്രകാശ് ഡി നായിക്കിന്‍റെ സിംഗിൾ ബെഞ്ചാണ് ജാമ്യം നൽകിയത്. രണ്ട് ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കുന്നതിനൊപ്പം തുല്യ സംഖ്യക്ക് ആൾ ജാമ്യവും വേണം.

ആൾ ജാമ്യത്തിന് ഒന്നരമാസത്തെ സാവകാശം കോടതി നൽകി. മാസത്തിലെ ആദ്യ ശനിയാഴ്ച കേസ് അന്വേഷിക്കുന്ന മുംബൈ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകണം. വിചാരണ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും ആവശ്യപ്പെടുന്ന മുറക്ക് നേരിട്ട് ഹാജരാകണം. പാസ്പോർട്ട് കെട്ടിവെക്കണം. തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.

ഡിസംബർ 24നാണ് ദാസ്ഗുപ്ത അറസ്റ്റിലായത്. ഇദ്ദേഹവും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ കേസിലെ പ്രധാന തെളിവാണ്. ഇവയിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അർണബ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ദാസ്ഗുപ്ത ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയിൽ വാദപ്രതിവാദം നീണ്ടതിനെതുടർന്ന് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് മാറാൻ അനുവദിക്കണമെന്ന് ഇടക്ക് ദാസ്ഗുപ്ത ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയുണ്ടായി.

Tags:    
News Summary - Former Barc chief granted bail in TRP case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.