ന്യൂഡൽഹി: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ വ്യാജ തിരിച്ചറിയൽ കത്തുകൾ സംബന്ധിച്ച് മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കർശന മുന്നറിയിപ്പ് നൽകി. വ്യാജ ഒപ്പിട്ട് നിരവധി കോളേജുകൾക്ക് അടുത്തിടെ വ്യാജ കത്തുകൾ ലഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദേശീയ മെഡിക്കൽ കമ്മീഷൻ രംഗത്തെത്തിയത്.
ഔപചാരിക കത്തുകൾ പ്രത്യേക ഇമെയിലിലൂടെയും സ്പീഡ് പോസ്റ്റിലൂടെയും അയക്കുമെന്ന് എൻ.എം.സി അറിയിച്ചു. മറ്റ് സ്രോതസ്സുകളിലൂടെ ലഭിക്കുന്ന കത്തുകൾ പരിഗണിക്കേണ്ടതില്ലെന്നും മെഡിക്കൽ കോളേജുകൾ ഇത്തരം കെണിയിൽ വീഴരുതെന്നും മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
ഡോ. വിജയ് ഓസയുടെ വ്യാജ ഒപ്പിട്ട് വ്യാജ കത്തുകൾ ഉണ്ടാക്കിയതായി ബിരുദാനന്തര വിദ്യാഭ്യാസ മെഡിക്കൽ ബോർഡ്, നാഷണൽ മെഡിക്കൽ കമ്മീഷൻ എന്നിവയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേരത്തെയും ഇത്തരം വ്യാജ അംഗീകാര കത്തുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കമ്മീഷൻ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോളേജുകളിൽ ഇത്തരം വ്യാജ കത്തുകൾ ലഭിച്ചിട്ടുണ്ട്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകൾക്ക് വ്യാജ കത്തുകൾ വിതരണം ചെയ്തതായി സെപ്റ്റംബറിൽ എൻ.എം.സി മുന്നറിയിപ്പ് നൽകിയിരുന്നു.
ചില മെഡിക്കൽ കോളേജുകൾ ഈ വ്യാജരേഖകളുടെ രസീത് അവകാശപ്പെട്ടതായി നോട്ടീസിൽ പറയുന്നുണ്ട്. പി.ജി.എം.ഇ.ബി പ്രസിഡന്‍റ് ഡോ. വിജയ് ഓസയുടെ വ്യാജ ഒപ്പിട്ട വ്യാജ അംഗീകാര കത്തുകൾ ഏതാനും മെഡിക്കൽ കോളേജുകൾക്ക് ലഭിച്ചതായി എൻ.എം.സി പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.