ഗ്യാനി ഹർപ്രീത് സിങ്

പഞ്ചാബിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി സിഖ് തലവൻ ഗ്യാനി ഹർപ്രീത് സിങ്

ചണ്ഡീഗഡ്: ക്രിസ്ത്യൻ മതത്തിലേക്ക് നിർബന്ധിത പരിവർത്തനം നടക്കുന്നുണ്ടെന്ന ആരോപണവുമായി സിഖ്​ വിശ്വാസികളുടെ ഔദ്യോഗിക നേതാവായ ഗ്യാനി ഹർപ്രീത് സിങ്. ഈ ആചാരം വെച്ചുപൊറുപ്പിക്കില്ലെന്ന് ഗ്യാനി മുന്നറിയിപ്പ് നൽകി. വിഷയം ചർച്ച ചെയ്യാൻ സെപ്റ്റംബർ അഞ്ചിന് യോഗം വിളച്ചതായി അദ്ദേഹം അറിയിച്ചു. പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിനെ കുറിച്ച് സിഖ് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ഇതുവരെ പഞ്ചാബിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരണമെന്നാഗ്രഹിച്ചിരുന്നില്ല. അതിന്‍റെ ആവശ്യമില്ലായിരുന്നു. എന്നാൽ ഇന്ന് ആവശ്യമുന്നയിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് സാഹചര്യങ്ങൾ. അതിനാൽ നിയമത്തിനായി ആവശ്യമുന്നയിക്കുന്നതിനെ കുറിച്ച് സിഖ് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്'- ഗ്യാനി പറഞ്ഞു.

ചില ക്രസ്ത്യൻ മിഷനറിമാർ ചേർന്ന് കുറച്ച് കാലമായി സിഖുകാരെ സ്വാധീനിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുകയാണ്. പഞ്ചാബിലെ സിഖുകാരെയും ഹിന്ദുക്കളെയും തെറ്റിദ്ധരിപ്പിച്ച് അവരെ ക്രിസ്ത്യാനികളാക്കി മാറ്റുകയാണ്. ഇവയെല്ലാം നടക്കുന്നത് സർക്കാരിന്‍റെ മൂക്കിന് താഴെയാണ്. മതത്തിന്റെ പേരിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ കേസെടുക്കാൻ ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥകളുണ്ടെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ഒരു സർക്കാരും അവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരക്കാർക്കെതിരെ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കാൻ തയാറായില്ല. സിഖുകാർ ഒരു മതത്തിനോ അതിന്റെ മൂല്യങ്ങൾക്കോ ​​എതിരല്ലെന്നും മറിച്ച് മതത്തിന്റെ പേരിൽ നടക്കുന്ന വഞ്ചനക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽ പെട്ട സിഖുകാരെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ട് പണം നൽകി നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ട്. വിദേശ ശക്തികളുടെ പിന്തുണയോടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ ഇത്തരം നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ അത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.

തരൺ തരൺ ജില്ലയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം ഒരു ക്രിസ്ത്യൻ പള്ളി ആക്രമിച്ചതിന് പിന്നാലെയാണ് ഗ്യാനിയുടെ പ്രസ്താവന. സംഭവത്തിൽ 150 സിഖുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എ.എഫ്.ഐ.ആർ റദ്ദാക്കണമെന്നും അറസ്റ്റിലായവരെ വിട്ടയക്കണമെന്നും ഗ്യാനി ആവശ്യപ്പെട്ടു.

Tags:    
News Summary - Forced conversion to Christianity is on, need law in Punjab: Akal Takht Jathedar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.