ബംഗളൂരു: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിനായി സർക്കാർ ആശുപത്രിയെ സമീപിച്ചയാളോട് മതം തിരക്കിയതായി ആക്ഷേപം. ബംഗളൂരു ജയനഗർ ജനറൽ ആശുപത്രിയിൽ സർട്ടിഫിക്കറ്റ് തേടിയ 41കാരിക്കാണ് ദുരനുഭവം. കോവിഡ്മുക്തയായശേഷം ഓഫിസിൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ നെഗറ്റിവ് സർട്ടിഫിക്കറ്റിനായാണ് യുവതി ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് തേടിയെത്തിയത്. ഒ.പിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ നൽകിയ ഫോറം പൂരിപ്പിച്ച് തിരികെ നൽകിയപ്പോൾ മതം രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടതിനാൽ ജീവനക്കാരൻ സ്വീകരിച്ചില്ല.
കഴിഞ്ഞ വർഷം ഇതേ ആശുപത്രിയിൽനിന്ന് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ലഭിച്ചത് ജാതിയും മതവും പറയാതെയാണെന്ന് യുവതി ചൂണ്ടിക്കാട്ടി. ആർ.ടി.പി.സി.ആർ പരിശോധനക്ക് പൂരിപ്പിച്ചുനൽകാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ തയാറാക്കിയ ഫോറത്തിന് പകരം മറ്റൊന്നാണ് സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്നത്. മെഡിക്കൽ കൗൺസിൽ ഫോറത്തിൽ പേര്, പിതാവിെൻറ പേര്, വയസ്സ്, ലിംഗം, ജോലി, രാജ്യം എന്നീ വ്യക്തിവിവരങ്ങൾ മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. തെൻറ സഹപ്രവർത്തകക്ക് 20 ദിവസം മുമ്പ് മതം പറയാതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചതായും യുവതി അറിയിച്ചു.
എന്നാൽ, ഒ.പിയിൽ രജിസ്റ്റർ ചെയ്യാൻ സന്ദർശകരുടെ മതം ചേർക്കേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എല്ലാ സർക്കാർ ആശുപത്രികളിലും ഒ.പിയിൽ ഇങ്ങനെ ആവശ്യപ്പെടുന്നുണ്ടെന്ന് ജയനഗർ ജനറൽ ആശുപത്രി കോവിഡ് നോഡൽ ഓഫിസർ ബി.എം. സുധ പറഞ്ഞു. അതേസമയം, ഇൗ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ബംഗളൂരു മെഡിക്കൽ കോളജ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. ടി.എസ്. രംഗനാഥ് പ്രതികരിച്ചു. കോവിഡ്, ക്ഷയം, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ഭേദമില്ലെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ള രോഗികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതിയും മതവും മാനദണ്ഡമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.