ബംഗളൂരു: കർണാടക അതിർത്തി ജില്ലയായ കുടകിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മണ്ണിടിഞ്ഞ് നവജാത ശിശു ഉൾപ്പെടെ ആറുപേർ മരിച്ചു. മടിക്കേരി, സോമവാർപേട്ട് എന്നിവിടങ്ങളിൽ വ്യത്യസ്ത അപകടങ്ങളിലാണ് മരണം. മണ്ണിടിഞ്ഞതിനെ തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
മടിക്കേരിയിലെ മക്കന്തൂർ സ്വദേശി സാബു, ജുഡുപാല സ്വദേശി വസപ്പ, സോമവാർപേട്ടിൽ രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി കുടക് മേഖലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അഞ്ചു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകും. കുടകിലെ മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടിയും പ്രഖ്യാപിച്ചു. മണ്ണിടിഞ്ഞ് റോഡ്തകർന്നും വെള്ളപ്പൊക്കത്തിൽപെട്ടും നൂറുകണക്കിന് പേർ മേഖലയിൽ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
കനത്ത മൂടൽമഞ്ഞും മഴയും പ്രദേശത്തെ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി. കുടകിന് പുറമെ മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നട ജില്ലയിലും സമീപ ജില്ലകളായ ഹാസൻ, ചിക്കമകളൂരു എന്നിവിടങ്ങളിലും മഴ തുടരുകയാണ്.
വയനാട്ടിലെയും കുടകിലെയും കനത്ത മഴയെ തുടർന്ന് കബനി, കെ.ആർ.എസ് അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തിയതിനാൽ കാവേരി നദിയിലും കപില നദിയിലും ജലനിരപ്പ് വീണ്ടുമുയർന്നു. കോഴിക്കോട്- കൊല്ലഗൽ ദേശീയപാത 766ൽ നഞ്ചൻകോട് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വെള്ളിയാഴ്ച ഗതാഗതം തടസ്സപ്പെട്ടു. രാത്രി വൈകിയും വാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.