നാല് ദശകത്തിനിടയിൽ കാണാത്ത കനത്ത പ്രളയത്തിൽ പത്തു നാൾ പിന്നിട്ടിട്ടും ബിഹാറിലെ ഗ്രാമങ്ങളിൽനിന്ന് വെള്ളമിറങ്ങിയിട്ടില്ല. രക്ഷാപ്രവർത്തനം എവിടെയുമെത്തിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ ദേശീയ ദുരന്ത നിവാരണ സേന തന്നെയാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായതിനാൽ രക്ഷാ പ്രവർത്തനം പത്ത് ദിവസം കഴിഞ്ഞാലും നിർത്തിവെക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് എൻ.ഡി.ആർ.എഫിെൻറ ബിഹാർ ഒമ്പതാം ബറ്റാലിയൻ കമാൻഡർ വിജയ് സിൻഹ പറഞ്ഞു. കഴിഞ്ഞ തവണ ഗംഗ കര കവിഞ്ഞിട്ട് നാശനഷ്ടങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനം അസാധ്യമാക്കുന്നു. കൺമുന്നിൽ ഒഴുക്കിൽപ്പെടുന്നവരെ പിടിച്ചുകയറ്റാൻ പോലും കണ്ടുനിൽക്കുന്നവർക്ക് കഴിയാത്ത നിസ്സഹായാവസ്ഥക്കും ഗ്രാമങ്ങൾ സാക്ഷ്യം വഹിച്ചു. ഇൗ മാസം 11 മുതൽ 16 വരെ ഗ്രാമങ്ങളിൽ ജല നിരപ്പ് ഉയർന്നുകൊണ്ടിരുന്നു.
കഴിഞ്ഞ വർഷം 22 സംഘങ്ങളെയാണ് തങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് വെച്ചിരുന്നത്. ഇപ്രാവശ്യം 28 സംഘങ്ങളെ വെച്ചിട്ടും എവിടെയുമെത്തിയില്ലെന്ന് വിജയ് സിൻഹ കൂട്ടിച്ചേർത്തു. കനത്ത മഴയുണ്ടായിട്ടും സർക്കാർ മതിയായ കരുതൽ നടപടികൾ കൈക്കൊള്ളാത്തതാണ് ഒരാഴ്ച കഴിഞ്ഞിട്ടും ദുരിതമൊഴിയാതിരിക്കാൻ കാരണം. എൻ.ഡി.ആർ.എഫിന് പോലും ഒന്നും ചെയ്യാൻ കഴിയാതെയാണ് കണക്കില്ലാത്ത മരണങ്ങൾ സംഭവിച്ചതെന്ന് പ്രളയം ഏറ്റവും കൂടുതൽ നാശവും ആളപായവും വിതച്ച അറാറിയ, കിഷൻഗഞ്ച്, കട്ടീഹാർ, പുരുണിയ ജില്ലകളിൽ നാട്ടുകാർ പറഞ്ഞു.
നാലു ഭാഗത്തും കൂലംകുത്തിയൊഴുകുന്ന വെള്ളത്തിനിടയിൽ ഒറ്റപ്പെട്ടുപോയ പല ഗ്രാമങ്ങളിലേക്കും ദേശീയ ദുരന്ത നിവാരണ സേനക്ക് പോലും എത്താൻ കഴിയാത്തതിനാൽ ഞായറാഴ്ച വരെ ഭക്ഷണമെത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് അറാറിയ ജില്ല മജിസ്ട്രേറ്റ് ഹിമാൻഷു ശർമ ‘മാധ്യമ’ത്തോട് പറഞ്ഞു. വീടുകളിലുള്ളതെല്ലാം കുത്തിയൊലിച്ചുപോയി. ആയിരങ്ങൾക്ക് പട്ടിണിയുടെ പത്താം ദിവസമാണ് ഭക്ഷണവുമായി പോകുന്നതെന്ന് ജില്ല മജിസ്ട്രേറ്റ് അടിവരയിടുകയാണ്. വളരെ പരിമിതമായ ഗ്രാമങ്ങളിൽ ഹെലികോപ്ടറുകളിൽ ഭക്ഷണപ്പൊതി എറിഞ്ഞുകൊടുത്തിരുന്നുവെങ്കിലും അതെവിടേക്കുമെത്തിയില്ല. പ്രളയത്തിൽനിന്ന് ഒാടി രക്ഷപ്പെട്ട് ദേശീയ പാതയുടെ നടുവിലുടനീളം കൈവശമുള്ള ടാർപോളിൻ വളച്ചുകെട്ടിയവർക്ക് പെരുംമഴയുടെ ഒരാഴ്ച അതെങ്കിലും ഒരാശ്വാസമായി. ഇൗ ടെൻറുകളിലാണ് പ്രളയത്തിെൻറ നാലാം നാളിലെങ്കിലും അധികാരികൾ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്.
ആളുകളെ രക്ഷപ്പെടുത്താനുള്ള മതിയായ ബോട്ടുപോലും സർക്കാർ ലഭ്യമാക്കിയില്ല. ഒടുവിൽ ഒഴുക്ക് കുറഞ്ഞ ഭാഗങ്ങൾ കണ്ടെത്തി അതിലൂടെ തോണിയോടിച്ചാണ് ആയിരങ്ങളെ നാട്ടുകാർ സ്വന്തം റിസ്കിൽ കരക്കെത്തിച്ചുകൊണ്ടിരിക്കുന്നത്. അറാറിയയിലെ ബസന്ത്പൂരിൽ ചെന്നപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. 20ാളം പേർക്ക് മതിയായി നിൽക്കാൻ ഇടമില്ലാത്ത തോണിയിൽ 50ഉം 60ഉം പേർ കയറിപ്പറ്റിയിരിക്കുന്നു. മുങ്ങുമെന്ന് പറഞ്ഞിട്ടുമിറങ്ങാൻ ആരും കൂട്ടാക്കുന്നില്ല. വിശന്നൊട്ടിയ വയറുകളുമായി ഏത് വിധേനയും കരപിടിക്കാനുള്ള വെപ്രാളമായിരുന്നു. കലക്കുവെള്ളം കുടിച്ച് ജീവൻ നിലനിർത്തുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.