മുംബൈ: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർ മരിച്ചു. പതിനെട്ടോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെ പർഭാനിയിലെ യശ്‌വാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. അവധി ദിവസം ആയതിനാൽതന്നെ ക്ഷേത്രത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. ഭക്തരുടെ തിരക്ക് കൂടിയപ്പോൾ നിർമാണത്തിലിരുന്ന ക്ഷേത്രത്തിൻ്റെ സഭാ മണ്ഡപത്തിൻ്റെ മേൽക്കൂരയും തൂണും തകർന്നു വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഭക്തർക്ക് മേൽ കെട്ടിടഭാഗങ്ങൾ വീണതാണ് വൻ ദുരന്തത്തിന് കാരണമായത്. സംഭവസ്ഥലത്തെത്തിയ പൊലീസ്, ജില്ലാ ഭരണകൂടം, ദുരന്തനിവാരണ സേന എന്നിവർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്. നിർമാണത്തിലെ അപാകതകളാണോ അപകടത്തിന് വഴിവെച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഭക്തരെ പ്രവേശിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.