കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിനുപിന്നാലെ വിമത പടയൊരുക്കവും പൊട്ടിപ്പുറപ്പെട്ട തൃണമൂൽ കോൺഗ്രസിന്റെ 440 കോടി രൂപയോളം നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പോലീസ് മരവിപ്പിച്ചു. വിമത എം.എൽ.എമാർ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സ്വകാര്യ ബാങ്കിലുള്ള മൂന്ന് അക്കൗണ്ടുകൾക്കാണ് ഡെബിറ്റ് ഫ്രീസ് (പണം പിൻവലിക്കുന്നത് മരവിപ്പിക്കൽ) ഏർപ്പെടുത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇതോടെ ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാനോ പുറത്തേക്ക് കൈമാറാനോ സാധിക്കില്ല. എന്നാൽ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടതിനുപിന്നാലെ പാർട്ടി നേതൃത്വത്തിൽ നടക്കുന്ന അധികാര തർക്കം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. പാർട്ടിയുടെ സംഘടനാപരവും സാമ്പത്തികവുമായ നിയന്ത്രണത്തെച്ചൊല്ലി മുൻ മന്ത്രി അരൂപ് ബിശ്വാസും നിലവിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയും മമതക്കെതിരെ രംഗത്തെത്തിയിരുന്നു. ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന പത്ത് വിമത എം.എൽ.എമാർ ബിധാനഗർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ ക്രിമിനൽ അന്വേഷണം വേണമെന്ന് വിമത എം.എൽ.എമാർ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടുകൾ, സർക്കാർ ഫണ്ടുകൾ വകമാറ്റൽ, അഴിമതിയിലൂടെ ലഭിച്ച തുക എന്നിവയാണോ ഈ നിക്ഷേപമെന്ന് കണ്ടെത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അധികാരം ദുർവിനിയോഗം വഴിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും സമാഹരിച്ച പണം അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
പാർട്ടിക്കുള്ളിലെ നേതൃതർക്കം പരിഹരിക്കുന്നതുവരെ പാർട്ടി അക്കൗണ്ടിലെ 500 കോടി രൂപയിലധികം വരുന്ന നിക്ഷേപങ്ങൾ പിൻവലിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം. അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ബിശ്വാസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടത്തണമെന്ന് വിമത എം.എൽ.എമാർ ഇപ്പോൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനവുമായി ബന്ധപ്പെട്ട് ബിശ്വാസിനെതിരായ കേസ് അന്വേഷിക്കുന്ന അതേ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് പരാതികൾ സമർപ്പിച്ചിരിക്കുന്നത്.
ഇതിനിടെ, പാർട്ടിയുടെ ഔദ്യോഗിക ട്രഷറർ സ്ഥാനത്തെച്ചൊല്ലിയും തർക്കം ഉടലെടുത്തിട്ടുണ്ട്. അരൂപ് ബിശ്വാസിന് നിലവിൽ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് മമത ബാനർജി അനുകൂലിയായ കുനാൽ ഘോഷ് വ്യക്തമാക്കി. ജൂൺ 5-ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ ട്രഷററായി ഐകകണ്ഠ്യേന തിരഞ്ഞെടുത്തതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.