ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥികളുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. 100ഓളം വിദ്യാർഥികളാണ് വിമാനത്തിലുള്ളത്. ഇറാനിൽ നിന്നും ഇവരെ അർമേനിയയിൽ എത്തിച്ച ശേഷം ഇന്ത്യയിലേക്ക് കൊണ്ടു വരു.
ഓപ്പറേഷൻ സിന്ധു എന്ന പേരിലാണ് ഇറാനിൽ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ നടത്തുന്നത്. ഇന്ത്യൻ എംബസി ചെയ്ത കൊടുത്ത സജ്ജീകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ദിവസം 110 വിദ്യാർഥികൾ അതിർത്തി കടന്ന് തെഹ്റാനിൽ നിന്നും അർമേനിയയിൽ എത്തിയിരുന്നു. മടങ്ങിയെത്തിയവരിൽ ഭൂരിപക്ഷം ജമ്മുകശ്മീരിൽ നിന്നുള്ളവരാണ്.
ഇസ്രായേൽ-ഇറാൻ സംഘർഷം മൂർച്ഛിച്ചതോടെ പൗരന്മാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് വിദ്യാർഥികളെ ഇറാനിലെ ഉർമിയിൽനിന്ന് അർമേനിയയിൽ എത്തിച്ചത്. മടങ്ങിയെത്തുന്ന കശ്മീർ സ്വദേശികളായ വിദ്യാർഥികൾക്ക് ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്ക് വിമാനയാത്ര ക്രമീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവരം ലഭിച്ചതായി ജമ്മു- കശ്മീർ സ്റ്റുഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.
1500ഓളം ഇന്ത്യൻ വിദ്യാർഥികളാണ് ഇറാനിലുള്ളത്. ഇതിൽ ഭൂരിഭാഗവും കശ്മീരിൽ നിന്നുള്ളവരാണ്. സാധിക്കുമെങ്കിൽ സ്വന്തം നിലക്ക് തെഹ്റാൻ വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. ഉർമിക്ക് പുറമെ തെഹ്റാനിൽനിന്ന് ഖൂമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, സ്വമേധയാ തെഹ്റാൻ വിട്ട് അതിർത്തിമേഖലയിലെത്തിയവരെയും സുരക്ഷിതമേഖലയിലേക്ക് എത്തിച്ച് മടക്കയാത്ര ഏകോപിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വ്യോമാതിർത്തികൾ അടച്ചതും മറ്റും നിലവിൽ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നതായി അധികൃതർ അറിയിച്ചു. തെഹ്റാനിൽനിന്ന് എംബസിയുമായി നിലവിൽ ബന്ധപ്പെട്ടിട്ടുള്ള 12 മലയാളി വിദ്യാർഥികളെയും വരും ദിവസങ്ങളിൽ നാട്ടിലെത്തുമെന്നാണ് വിവരം. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ എത്തിക്കാനും അവിടെനിന്ന് ഡൽഹിയിലേക്ക് മാറ്റാനുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനും നീക്കമുണ്ട്. ഇറാനിലുള്ള വിദ്യാർഥികളടക്കം 10000തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ശ്രമം. യു.എ.ഇ വഴിയും പൗരന്മാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.