ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കേ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് പ്രവർത്തക സമിതി ബിഹാറിൽ. ബി.ജെ.പിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും വോട്ടുകൊള്ള നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ബിഹാറിനെ ഇളക്കിമറിച്ചതിന്റെ ആവേശത്തിലാണ് പട്നയിൽ ഇന്ന് വിശാല കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിനും ‘വോട്ട് ചോരി’ക്ക് എതിരായ ആക്രമണം ശക്തമാക്കുന്നതിനുമുള്ള തന്ത്രങ്ങൾ പ്രവർത്തക സമിതി ചർച്ചചെയ്യും. കടുത്ത എതിർപ്പുകൾക്കിടയിലും ബിഹാറിൽ തുടരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം പ്രധാന ചർച്ചാവിഷയമാകും.
രാവിലെ 10 മണിക്ക് സദഖാത്ത് ആശ്രമത്തിൽ നടക്കുന്ന വിശാല സമിതിയിൽ പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും, പാർട്ടി മുഖ്യമന്ത്രിമാരും, പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും, കോൺഗ്രസ് നിയമസഭ പാർട്ടി (സി.എൽ.പി) നേതാക്കളും പങ്കെടുക്കും. പ്രവർത്തക സമിതി രണ്ട് പ്രമേയങ്ങളും പാസാക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ പാർട്ടിയിലെ എല്ലാ ഉന്നത നേതാക്കളും യോഗത്തിൽ സംബന്ധിക്കും.
ഇൻഡ്യ സഖ്യത്തിനകത്തെ സീറ്റുവിഭജന ചർച്ച എവിടെയുമെത്താത്ത അവസ്ഥയിലാണ് കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്. ‘വോട്ട് ചോരി’ക്കെതിരെ രണ്ടാമത്തെ വാർത്തസമ്മേളനം നടത്തിയ ശേഷം പട്നയിലെത്തുന്ന രാഹുൽ ഗാന്ധി ബിഹാറിൽ കോൺഗ്രസ് ‘രണ്ടാം സ്വാതന്ത്ര്യസമരം’ നടത്തുന്നതുകൊണ്ടാണ് സംസ്ഥാനത്ത് പ്രവർത്തക സമിതി നിശ്ചയിച്ചതെന്ന് എ.ഐ.സി.സിയിൽ ബിഹാറിന്റെ ചുമതലയുള്ള കൃഷ്ണ അല്ലവരു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.