ആദ്യ കേസ് വാദിച്ചപ്പോൾ കിട്ടിയ പ്രതിഫലം എത്ര? വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: അഭിഭാഷകനായി ജോലി തുടങ്ങിയപ്പോൾ ആദ്യ കേസ് വാദിച്ചതിന് ലഭിച്ച പ്രതിഫലം എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. നിയമബിരുദമെടുത്തതിന് പിന്നാലെ ബോംബെ ഹൈകോടതിയിലാണ് ആദ്യമായി ഡി.വൈ. ചന്ദ്രചൂഢ് കേസിൽ ഹാജരായത്. വർഷങ്ങൾ ഏറെ മുമ്പായിരുന്നു അത്. അന്ന് 60 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയിൽ ഒരു കേസിന്‍റെ വാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വാക്കുകൾ.  

ഹാർവാർഡ് ലോ സ്കൂളിൽ നിന്ന് നിയമപഠനത്തിന് ശേഷം 1986ലാണ് ഡി.വൈ. ചന്ദ്രചൂഢ് ഇന്ത്യയിൽ തിരിച്ചെത്തി അഭിഭാഷകനായി ജോലി ആരംഭിച്ചത്. ആദ്യത്തെ കേസിൽ ജസ്റ്റിസ് സുജാത മനോഹറിന്‍റെ ബെഞ്ചിന് മുന്നിലായിരുന്നു താൻ ഹാജരായതെന്ന് അദ്ദേഹം ഓർക്കുന്നു. 60 രൂപയാണ് അന്ന് കേസിൽ പ്രതിഫലമായി ലഭിച്ചത്.

അക്കാലത്ത് വക്കീലന്മാർക്ക് പ്രതിഫലം പണമായി നൽകുന്നതായിരുന്നില്ല രീതിയെന്ന് അദ്ദേഹം പറയുന്നു. ചെറിയ സ്വർണനാണയങ്ങളുടെ രൂപത്തിലായിരുന്നു ഫീസ് നൽകിയിരുന്നത്. കൊളോണിയൽ ഭരണകാലത്തെ രീതി പിന്തുടർന്നായിരുന്നു ഇത്. മോഹർ എന്നറിയപ്പെടുന്ന നാണയമാണ് നൽകുക. ഒരു മോഹർ ഏകദേശം അന്നത്തെ 15 രൂപക്ക് തുല്യമാണ്. ഇങ്ങനെയുള്ള നാല് നാണയങ്ങളാണ് ഡി.വൈ. ചന്ദ്രചൂഢിന് ലഭിച്ചത്. 25 വർഷം മുമ്പ് വരെ ഇത്തരത്തിൽ നാണയത്തിൽ ഫീസ് വാങ്ങിയിരുന്ന ഏർപ്പാട് ബോംബെ ഹൈകോടതിയിലുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

64കാരനായ ഡി.വൈ. ചന്ദ്രചൂഢ് 2000ലാണ് ബോംബെ ഹൈകോടതിയിൽ ജഡ്ജിയാകുന്നത്. 2013ൽ അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016ലാണ് സുപ്രീംകോടതി ജഡ്ജിയായത്. 2022 നവംബർ ഒമ്പതിന് ഇന്ത്യയുടെ 50ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2024 നവംബർ വരെയാണ് ഇദ്ദേഹത്തിന് കാലാവധിയുള്ളത്. 

Tags:    
News Summary - First Case, How Much Fee Did He Charge? CJI Reveals In Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.