‘ആദ്യം അഴിമതിക്കാരെന്ന് മുദ്രകുത്തി ആക്രമിക്കും പിന്നീട് ആലിംഗനം ചെയ്യും’; ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ

ന്യൂഡൽഹി: അജിത് പവാറിനെയും എട്ട് എം.എൽ.എമാരെയും ഏക്നാഥ് ഷിൻഡെ സർക്കാരിന്‍റെ ഭാഗമാക്കിയ ബി.ജെ.പി തന്ത്രത്തെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി കപിൽ സിബൽ. ആദ്യം അഴിമതിക്കാരെന്ന് മുദ്രകുത്തി വിമർശിക്കുകയും പിന്നീട് ആലിംഗനം ചെയ്യുകയുമാണ് ബി.ജെ.പിയുടെ രീതിയെന്നും സിബൽ പറഞ്ഞു. ഒരു പക്ഷേ യു.എസ് കോൺഗ്രസിൽ മോദി പറഞ്ഞ ജനാധിപത്യത്തിന്‍റെ മാതാവ് എന്ന പ്രയോഗത്തിന്‍റെ അർഥം ഇതൊക്കെയാകാമെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിന്‍റെ വിമർശനം.

"ആദ്യം അഴിമതിക്കാരെ ആക്രമിക്കുക. പിന്നെ ഇതേ അഴിമതിക്കാരെ ചേർത്തുപിടിക്കുക. ആദ്യം അവർക്കെതിരായ അന്വേഷണത്തിന് ഗ്യാരന്‍റി നൽകുക. പിന്നീട് അവരുടെ പിന്തുണക്ക് വാറന്‍റി നൽകുക. ദുർബലമാണ് അന്വേഷണം. അതുകൊണ്ട് ഇ.ഡിയെയോ, സി.ബി.ഐയെയോ പേടിക്കേണ്ട. ഇതെല്ലാം പരിചിതമുണ്ടോ? ജനാധിപത്യത്തിന്‍റെ മാതാവ് ജോലിയിലാണ്" - കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പവാർ നീക്കുമെന്നും ഷിൻഡെയോടൊപ്പം ചേർന്ന എം.എൽ.എമാർ അയോഗ്യരാക്കപ്പെടുമെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. ഇതുകൊണ്ടാണ് അജിത് പവാറിനെയും സംഘത്തെയും ക്ഷണിച്ചതെന്നും റാവുത്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് എൻ.സി.പിയെ പിളർത്തി പ്രതിപക്ഷ നേതാവ് അജിത് പവാർ ഭരണപക്ഷത്തേക്ക് മാറിയത്. പിന്നാലെ ഉപമുഖ്യമന്ത്രിയായി ചുമതലയേക്കുകയും ചെയ്തിരുന്നു. 29 എം.എൽ.എമാരാണ് പവാറിനോടൊപ്പം ശിവസേന-ബി.ജെ.പി സഖ്യസർക്കാരിന്‍റെ ഭാഗമായത്. ഇതിൽ എട്ട് പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുതിര്‍ന്ന എൻ.സി.പി നേതാവായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പതി, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ധര്‍മറാവു അത്രം, സുനില്‍ വല്‍സാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ് എന്നിവരാണ് മന്ത്രിസ്ഥാനത്തെത്തിയ മറ്റ് നേതാക്കൾ.

Tags:    
News Summary - 'first attack the corrupt, then embrace them'; Kapil Sibal slams BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.