ബിജ്നോർ: ലോക്ഡൗൺലംഘിച്ച് യാത്ര നടത്തിയതിന് എം.എൽ.എക്കും സംഘത്തിനുമെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. യു.പിയിലെ നൗതൻവയിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ അമൻമണി തൃപാഠിക്കും കൂട്ടാളികൾക്കുമെതിരെയാണ് കസെടുത്തത്. ഇവർ പാസ് പോലുമില്ലാതെ യു.പിയിൽ നിന്ന് ഉത്തരാഖണ്ഡിൽ പോയി വരികയായിരുന്നു. ബിജ്നോർ ജില്ലയിലെ നാസിബബാദിൽ വെച്ചാണ് സംഘം പൊലീസിൻെറ പിടിയിലായത്.
ഉത്തരാഖണ്ഡിലേക്ക് പോകാൻ എം.എൽ.എയെ സർക്കാർ നിയോഗിച്ചിട്ടില്ലെന്നും അംഗീകൃത യാത്രാ പാസ് പോലുമില്ലാതെ അനാവശ്യമായാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും ബിജ്നോർ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. എം.എൽ.എക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേർത്തു.
ലോക്ഡൗൺ ലംഘിച്ചതിനും സർക്കാർ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനും തൃപാഠിയേയും കൂട്ടാളികളേയും ഉത്തരാഖണ്ഡ് പൊലീസ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർക്ക് നോട്ടീസ് നൽകി ഉത്തർപ്രദേശിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
തൃപാഠിയും മറ്റ് പത്ത് പേരും ചേർന്ന് ബദരിനാഥ്, കേദാർനാഥ് യാത്രക്കെത്തിയതായിരുന്നുവെന്ന് ഉത്തരാഖണ്ഡിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. എം.എൽ.എക്കും മറ്റ് 11 പേർക്കുമെതിരെ കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.