2021ലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോസ്റ്റ്; രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് അഭിനേതാക്കൾക്കെതിരെ കേസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്ന പേരിൽ അഭി​നേതാക്കളായ പരം​ബ്രത ചാറ്റർജി, സ്വസ്തിക മുഖർജി എന്നിവർക്കെതിരെ കേസ്. പശ്ചിമ ബംഗാൾ പൊലീസ് ഇരുവർക്കുമെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംഘർഷഭരിതമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെ രാഷ്ട്രീയ അക്രമത്തിന് പ്രേരിപ്പിക്കുന്ന പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്ന് ആരോപിച്ച് അഭിഭാഷകനായ ജോയ്ദീപ് സെന്നാണ് ഗരിയാഹട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവരുടെ കുറിപ്പുകൾ രാഷ്ട്രീയ സംഘർഷത്തിന് കാരണമായെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പരംബ്രത ചാറ്റർജി പങ്കുവെച്ച പോസ്റ്റും അതിന് സ്വസ്തിക നൽകിയ കമന്റുമാണ് വിവാദമായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 215 സീറ്റുകൾ നേടി മൂന്നാമതും അധികാരത്തിലെത്തിയിരുന്നു. ബി.ജെ.പി 77 സീറ്റുകളാണ് നേടിയത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം ‘ഇന്ന് ലോക അക്രമ ദിനമായി പ്രഖ്യാപിക്കട്ടെ’ എന്നായിരുന്നു പരംബ്രതയുടെ പോസ്റ്റ്. പോസ്റ്റിന് കമന്റായി ‘ഹഹഹ അങ്ങനെയാകട്ടെ’ എന്ന് സ്വസ്തികയും കുറിച്ചു.

പരംബ്രതയുടെ പോസ്റ്റ് ബി.ജെ.പി പ്രവർത്തകർക്കെതിരായ അക്രമങ്ങൾക്ക് കാരണമായെന്ന് പരാതിയിൽ പറയുന്നു. പോസ്റ്റ് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം ബെലിയഘട്ടയിൽ ബി.ജെ.പി പ്രവർത്തകൻ അഭിജിത് സർക്കാർ കൊല്ലപ്പെട്ടതിനെക്കുറിച്ചും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് കൊൽക്കത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ പരംബ്രത ചാറ്റർജിയും സ്വസ്തിക മുഖർജിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - FIR against two actors for provocative remarks during violence after 2021 Assembly polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.