'സിനിമ കാണിക്കുന്നതു പോലെ പരസ്യങ്ങൾ കാണിക്കരുത്'; പി.വി.ആർ സിനിമ ശൃംഖലക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമീഷൻ

ബെംഗളൂരു: പി.വി.ആർ സിനിമാസ്, ഓറിയോൺ മാൾ, പി.വി.ആർ ഐനോക്സ് ലിമിറ്റഡ് എന്നിവയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി ബെംഗളൂരു അർബൻ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. അനുവദനീയമായ സമയത്തിനു ശേഷവും പരസ്യങ്ങൾ പ്രദർശിപ്പിച്ചതിനാണ് പിഴ. അന്യായമായ വ്യാപാര രീതിയാണിതെന്നും കമീഷൻ ചൂണ്ടിക്കാട്ടി. പിഴ തുക ഉപഭോക്തൃ ക്ഷേമ ഫണ്ടിൽ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത്.

എം. ശോഭ അധ്യക്ഷയായ കമീഷനാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെ. അനിത ശിവകുമാർ, സുമ അനിൽ കുമാർ എന്നിവരും കമീഷനിൽ അംഗങ്ങളാണ്. അഭിഭാഷകൻ എം.ആർ. അഭിഷേക് സമർപ്പിച്ച പരാതി ശരിവെച്ചാണ് നടപടി. പരാതിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും അസൗകര്യത്തിനും 20,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചെലവുകൾക്കായി 8,000 രൂപ നൽകാനും നിർദേശമുണ്ട്.

നിരവധി പ്രേക്ഷകർക്ക് സമാനമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരിക്കാമെന്നും ഈ വിഷയത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും കമീഷൻ പി.വി.ആർ സിനിമാസിനും പി.വി.ആർ ഐനോക്സ് ലിമിറ്റഡിനും നിർദേശം നൽകി. മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് നേട്ടമുണ്ടാക്കാൻ ആർക്കും അവകാശമില്ലെന്നും കമീഷൻ നിരീക്ഷിച്ചു. സിനിമ കാണുന്നത് പോലെ 30 മിനിറ്റിൽ കൂടുതൽ ഇരുന്ന് പരസ്യങ്ങൾ കാണാൻ ആളുകൾക്ക് കഴിയില്ല. സിനിമ കാണുന്നത് മനസ്സിന് വിശ്രമം നൽകുന്നതിനാണ്. അത് നിരാശയിലേക്ക് നയിക്കരുതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

2023 ഡിസംബർ 26-ന് വിക്കി കൗശലിന്റെ സാം ബഹാദൂർ സിനിമയുടെ വൈകുന്നേരത്തെ ഷോയ്ക്കായി പരാതിക്കാരൻ മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഷെഡ്യൂൾ പ്രകാരം സിനിമ വൈകുന്നേരം 6:30 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ഹാളിൽ 4:05 മുതൽ 4:28 വരെ പരസ്യങ്ങളും സിനിമാ ട്രെയിലറുകളുമാണ് പ്ലേ ചെയ്തത്. ഇത് പരാതിക്കാരൻ റെക്കോഡ് ചെയ്തിരുന്നു. തിയറ്ററിനുള്ളിൽ റെക്കോഡിങ് നിയമവിരുദ്ധമാണെന്ന പി.വി.ആറിന്റെ വാദവും കമീഷൻ തള്ളി. പരാതിക്കാരൻ തന്റെ വാദത്തെ പിന്തുണയ്ക്കുന്നതിനായി പരസ്യങ്ങൾ മാത്രമേ റെക്കോഡ് ചെയ്തിട്ടുള്ളൂവെന്നും അങ്ങനെ ചെയ്യുന്നതിലൂടെ സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും അദ്ദേഹം തെളിയിച്ചുവെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇവ രണ്ടും ഉപഭോക്തൃ അവകാശങ്ങൾക്ക് കീഴിലുള്ള ന്യായമായ ആശങ്കകളാണെന്നും കമീഷൻ കൂട്ടിച്ചേർത്തു.

ഏകദേശം 30 മിനിറ്റ് വൈകിയതിനാൽ തന്റെ ഷെഡ്യൂൾ ചെയ്ത ജോലി നഷ്ടപ്പെട്ടുവെന്നും പരാതിക്കാരൻ ആരോപിച്ചു. പൊതു സേവന പ്രഖ്യാപനങ്ങൾ (പി‌.എസ്‌.എ) പ്രദർശിപ്പിക്കാൻ തങ്ങൾ നിയമപരമായി ബാധ്യസ്ഥരാണെന്ന് പറഞ്ഞുകൊണ്ട് പി.വി.ആർ സിനിമാസും പി.വി.ആർ ഐനോക്സ് ലിമിറ്റഡും ആരോപണങ്ങൾ നിഷേധിച്ചു. എന്നാൽ, 17 പരസ്യങ്ങളിൽ ഒന്ന് മാത്രമാണ് പൊതു സേവന പ്രഖ്യാപനങ്ങൾ എന്ന് കമീഷൻ കണ്ടെത്തി. അതേസമയം മാർഗനിർദേശങ്ങളിൽ അത്തരം ഉള്ളടക്കത്തിന് 10 മിനിറ്റ് മാത്രമേ അനുവദിക്കുന്നുള്ളൂ

Tags:    
News Summary - Fine for PVR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.