കൂടുതൽ കുട്ടികളുള്ളവർക്ക് ആന്ധ്ര സർക്കാറിന്റെ ധനസഹായം പദ്ധതി; ഹിന്ദുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ജനസംഖ്യ വർധനവ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾ ഹിന്ദു ദമ്പതികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആർ.എസ്.എസ് അനുകൂല സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. എല്ലാവർക്കുമായി പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ ജനസംഖ്യ ഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് വി.എച്ച്.പി ആരോപിച്ചു.

സംസ്ഥാനത്ത് ജനനനിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാമത്തെ കുട്ടിക്ക് 30,000 രൂപയും നാലാമത്തെ കുട്ടിക്ക് 40,000 രൂപയും ധനസഹായം നൽകുമെന്ന് ഇക്കഴിഞ്ഞ മാർച്ചിലെ ബജറ്റ് സമ്മേളനത്തിലാണ് ആന്ധ്ര മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ മൊത്തം ജനനനിരക്ക് നിലവിൽ 1.5 ആയി കുറഞ്ഞിരിക്കുകയാണ്. ജനസംഖ്യ സ്ഥിരത നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിരക്കിനേക്കാൾ വളരെ താഴെയാണിത്. ഈ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉത്തരവാക്കിയതിനു പിന്നാലെയാണ് ആനുകൂല്യങ്ങൾ ഹിന്ദുക്കൾക്ക് മാത്രമായി നൽകണമെന്ന ആവശ്യവുമായി വി.എച്ച്.പി രംഗത്തെത്തിയത്.

അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി സർക്കാറിന്റെ ആഹ്വാനപ്രകാരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾ ജനസംഖ്യാ നിയന്ത്രണം കൃത്യമായി നടപ്പാക്കിയിരുന്നതായി വി.എച്ച്.പി ഭാഗ്യനഗർ ക്ഷേത്രം സെക്രട്ടറി തനികെല്ല സത്യ രവികുമാർ പറഞ്ഞു. എന്നാൽ, മുസ്ലീം ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ആസൂത്രണങ്ങളിൽ പങ്കാളികളാകാത്തതാണ് ഇതിനുകാരണമെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ മതപരിവർത്തനം മൂലം ക്രിസ്ത്യൻ ജനസംഖ്യയും വർധിച്ചിട്ടുണ്ടെന്നു കുടുംബത്തിന്റെ വലിപ്പം കുറഞ്ഞ സമുദായങ്ങൾക്ക് മാത്രമായി സർക്കാർ ആനുകൂല്യങ്ങൾ നീക്കിവെക്കണമെന്നും വി.എച്ച്.പി തെലുങ്ക് സംസ്ഥാന മേധാവി ആവശ്യപ്പെട്ടു.

എല്ലാ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വീതം ഉണ്ടായിരിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ വാക്കുകൾ നേരത്തെ നിയമസഭയിൽ ചന്ദ്രബാബു നായിഡു ഉദ്ധരിച്ചിരുന്നു. അതേസമയം, നായിഡുവിന്റെ ജനസംഖ്യാ വർധന നയം തികച്ചും 'അരുതാത്തതും' 'ഹാസ്യ ഫാക്ടറി'യുമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി കെ. നാരായണൻ വിമർശിച്ചു. അടിസ്ഥാന വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ പോലും ഇല്ലാത്ത സംസ്ഥാനത്ത്, തുച്ഛമായ ഒരു ഒറ്റത്തവണ ധനസഹായം കൊണ്ട് ദരിദ്ര കുടുംബങ്ങൾക്ക് എങ്ങനെ മൂന്നും നാലും കുട്ടികളെ വളർത്താനാകുമെന്ന് അദ്ദേഹം ചോദ്യം ചെയ്തു. 18 വയസ്സ് തികയുന്നത് വരെ എല്ലാ കുട്ടികളുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സി.പി.ഐ നേതാവ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Financial assistance for those with more children; Vishwa Hindu Parishad wants it to be limited to Hindus only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.