‘വിജയ് യെ അപമാനിക്കുന്ന ചിത്രം ഒരു ദിവസംപോലും തിയറ്ററിലുണ്ടാകില്ല, പിന്നിൽ ഡി.എം.കെയും ബി.ജെ.പിയും’ - ആരോപണവുമായി ടി.വി.കെ നേതാവ്

ചെന്നൈ: പാർട്ടി നേതാവ് വിജയ് യെ അപമാനിക്കാൻ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന സിനിമക്ക് പിന്നിൽ ഡി.എം.കെയും ബി.ജെ.പിയുമാണെന്ന് ടി.വി.കെ നേതാവ് ആധവ് അർജുന. വിജയ് യെ അപമാനിച്ചു​കൊണ്ടുള്ള ചിത്രം ഒരു ദിവസം പോലും തിയറ്ററുകളിൽ നിൽക്കില്ലെന്ന മുന്നറിയിപ്പും അർജുന നൽകി. കഴിഞ്ഞദിവസം, ഉമാപതി രാമയ്യ സംവിധാനം ചെയ്യുന്ന ‘ടി.എൻ 2026 -തങ്കനച്ചത്തിരം’ എന്ന സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ടി.വി.കെയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് യുടെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട കഥയാണെന്നാണ് ഉയരുന്ന വിമർശനം. ഇതിനു പിന്നാലെയാണ് ആധവ് അർജുനയുടെ പ്രതികരണം.

സിനിമയിലൂടെ തങ്ങളുടെ നേതാവിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങൾ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. വിജയ് യെ ലക്ഷ്യം വച്ചുള്ള ഒരു സിനിമ നിർമിക്കാൻ ആരാണ് ചലച്ചിത്ര പ്രവർത്തകർക്ക് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. വിജയ് യുടെ സ്വന്തം സിനിമക്ക് തടസ്സങ്ങൾ നേരിടുമ്പോൾ, രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ഒരു സിനിമ എങ്ങനെ റിലീസ് ചെയ്യാൻ അനുവദിക്കുമെന്നും, റിലീസ് തടസ്സങ്ങൾ നേരിടുന്ന വിജയ് ചിത്രമായ ജനനായകനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിയില്ല. എന്നാൽ ആ സിനിമയുടെ തിരശീലക്ക് പിന്നിൽ ബി.ജെ.പിയും ഡി.എം.കെയും പ്രവർത്തിക്കുന്നുണ്ടെന്ന വിവരം തനിക്ക് ലഭിച്ചു. വിജയ്‌യുടെ സിനിമകളോടുള്ള പ്രേക്ഷകരുടെ പ്രതികരണവും ടീസറുകൾക്ക് 10 മുതൽ 15 കോടി വരെ കാഴ്ചക്കാരുണ്ടായതുമെല്ലാം നേതാവിന്റെ മാസ് അപ്പീലിനെ പ്രതിഫലിപ്പിക്കുന്നുവെന്നും വിജയ് ക്കെതിരെ നിർമിക്കുന്ന ഏതൊരു സിനിമയും പകുതി ദിവസം പോലും നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി.എൻ 2026 -തങ്കനച്ചത്തിരത്തിന്റെ പുറത്തുവന്ന ടീസറിൽ വിജയ് യുടെ മാനറിസങ്ങളാണ് ചിത്രത്തിന്റെ നായകനായ നട്ടി നടരാജ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നടത്തം, വസ്ത്രധാരണം, വിജയ് യുടെ പെരുമാറ്റ രീതികൾ വരെ നായകനുള്ളതായി സിനിമ പ്രേമികൾ പറയുന്നു. ഇതിനുപിന്നാലെയാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സ്പൂഫാണ് സിനിമ എന്ന രീതിയിൽ പ്രചാരണം നടന്നത്. വിജയ് യുടെ ലുക്ക്, ടി.വി.കെയുടെ കൊടിയുടെ നിറം, വിജയ് യുടെ ഡയലോഗുകൾ തുടങ്ങിയവയെല്ലാം ചിത്രത്തിന്റെ ടീസറിലുണ്ടെന്നും ആളുകൾ പറയുന്നു.

നേരത്തെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയക്കാരനുമായ വിജയ് സമർപ്പിച്ച ക്രിമിനൽ കേസുകൾ സംബന്ധിച്ച സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ പുറത്തുവന്നതിനെത്തുടർന്ന് അദ്ദേഹം വിമർശനത്തിന് വിധേയനായിരുന്നു. പെരമ്പൂരിൽ നിന്ന് വിജയ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ചതിൽ തീർപ്പുകൽപ്പിക്കാത്ത രണ്ടു കേസുകളുള്ളതായി പരാമർ​ശിക്കുകയായിരുന്നു. 

Tags:    
News Summary - Film insulting Vijay wont even last a day warns TVK leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.