'വാഗിർ' കടൽ പരീക്ഷണം തുടങ്ങി; നാവിക സേനയുടെ അഞ്ചാം സ്കോർപീൻ അന്തർവാഹിനി

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനക്ക് കരുത്തായി അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി 'വാഗിർ' കടൽ പരീക്ഷണം തുടങ്ങി. നൂതന സാങ്കേതിക വിദ്യകളുള്ള അന്തർവാഹിനി വർഷാവസാനം നാവിക സേനക്ക് കൈമാറാനാണ് നീക്കം. അതിനു മുമ്പായാണ് കടലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത്.

ഇന്ത്യയിൽ നിർമിക്കുന്ന ആറ് കൽവാരി ക്ലാസ് അന്തർവാഹിനികളുടെ ഭാഗമാണ് വാഗിർ. ഫ്രഞ്ച് നാവിക പ്രതിരോധ ഊർജ കമ്പനിയായ ഡി.സി‌.എൻ.‌എസ് രൂപകൽപന ചെയ്ത അന്തർവാഹിനികൾ ഇന്ത്യൻ നേവിയുടെ പ്രോജക്ട് -75 ന്റെ ഭാഗമായാണ് നിർമിക്കുന്നത്. തെക്കൻ മുംബൈയിലെ മസഗൺ ഡോക്കിൽ നിന്നാണ് വാഗിര്‍ നീറ്റിലിറക്കിയത്.

ആന്റി സർഫേസ്, ആന്റി സബ്മറൈൻ യുദ്ധമുഖങ്ങൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് അന്തർവാഹിനി ഉപയോഗിക്കാനാകും. അന്തർവാഹിനിക്ക് 1565 ടൺ ഭാരമുണ്ട്. പ്രോജക്ട് -75 ഇന്ത്യയുടെ ഭാഗമായി ആറ് അന്തർവാഹിനികളാണ് നിർമിക്കുന്നത്. ഇതിൽ ഐ.എൻ.എസ് കൽവരി, ഐ.എൻ.എസ് ഖണ്ഡേരി എന്നീ അന്തർവാഹിനികൾ കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും കഴിഞ്ഞവർഷം കൈമാറിയതായി നാവിക സേന അറിയിച്ചു.

അഞ്ചാമത്തെ അന്തർവാഹിനിയുടെ കടൽ പരീക്ഷണങ്ങൾ സുപ്രധാന നാഴികക്കല്ലാണെന്ന് നാവിക സേന പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2009ലാണ് ഇതിന്‍റെ നിർമാണം ആരംഭിച്ചത്. നൂതനമായ അക്കൗസ്റ്റിക് അബ്സോർഷൻ ടെക്നിക് പോലുള്ള മികച്ച പോരാട്ട ശേഷിയുള്ള അന്തർവാഹിനി 2020 നവംബറിലാണ് നീറ്റിലിറക്കിയത്. കടൽ പരീക്ഷണത്തിന്‍റെ ഭാഗമായി അന്തർവാഹിനിയിലെ സാങ്കേതിക സംവിധാനങ്ങളും യന്ത്രങ്ങളും ആയുധങ്ങളും പരീക്ഷണത്തിന് വിധേയമാക്കും.

റഷ്യയിൽ നിന്നുള്ള അന്തർവാഹിനിയായ ഐ.എൻ.എസ് വാഗിറിന്‍റെ പേരാണ് അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനിക്കും നൽകിയിരിക്കുന്നത്. 1973 ഡിസംബർ മൂന്നിന് ഇന്ത്യൻ നാവികസേനയുടെ ഭാഗമായിരുന്ന വാഗിർ, മൂന്ന് പതിറ്റാണ്ടോളം രാജ്യത്തിന് നൽകിയ സേവനത്തിന് ശേഷം 2001 ജൂൺ ഏഴിന് സേവനം അവസാനിപ്പിച്ചിരുന്നു.

ഇന്ത്യൻ നാവികസേനയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി, ആറ് സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമിക്കാനുള്ള ചുമതല മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിനെയാണ് (എം.ഡി.എസ്.എൽ) ഏൽപിച്ചത്.

Tags:    
News Summary - Fifth Scorpene-Class Made-In-India Submarine Sails Out For First Sea Trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.