മുമ്പ് റിയ ചക്രവർത്തിയായിരുന്നു ഇര, ഇപ്പോൾ ഷാരൂഖ് ഖാന്‍റെ മകൻ -കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി

ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്യാൻ കാണിച്ച താൽപര്യം ലഖിംപൂരിലെ കർഷക ഹത്യക്ക് കാരണക്കാരനായ കേന്ദ്ര മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നതിൽ കാണിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ഏതാനും മാസങ്ങൾ മുമ്പ് ബോളിവുഡ് നടി റിയ ചക്രവർത്തിയായിരുന്നു ഇരയെങ്കിൽ ഇത്തവണ ആര്യൻ ഖാനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ വഴിപിഴച്ച മകനാണ് സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ മേൽ വാഹനം ഇടിച്ചുകയറ്റിയതെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസം മുമ്പ് റിയ ചക്രവർത്തിയെയാണ് കീഴടക്കി തളർത്തിയിരുന്നതെങ്കിൽ അപ്പോൾ ആര്യൻ ഖാന്‍റെ ഊഴമാണ്. ക്ഷമിക്കാവുന്ന കുറ്റത്തിന് കൗമാരക്കാനായ ആര്യൻ ഖാന് കടുത്ത ശിക്ഷ നൽകരുത് -അധിർ രഞ്ജൻ ചൗധരി പറഞ്ഞു.  ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് നേരത്തെ റിയ ചക്രവർത്തി അറസ്റ്റിലായിരുന്നത്. 

അതേസമയം, അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ആര്യൻ ഖാന്‍റെ അറസ്റ്റിന്‍റെ പേരിൽ ഷാരൂഖ് ഖാനെ അപഹസിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. 

മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടിക്കിടെയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ പിടികൂടിയതെന്നാണ് എൻ.സി.ബി പറഞ്ഞത്. ഇവരില്‍ നിന്ന് കൊക്കെയ്​ന്‍, ഹാഷിഷ്, എം.ഡി.എം.എ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ​ പിടികൂടിയതായും അറിയിച്ചിരുന്നു​. കപ്പലിൽ നടക്കുന്ന പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

എന്നാൽ, ആര്യൻ ഖാന്‍റെ കൈയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്നാണ് എൻ.സി.ബി പിന്നീട് കോടതിയിൽ പറഞ്ഞത്. അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി ബന്ധം തെളിയിക്കുന്ന ചാറ്റുകൾ ആര്യന്‍റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന്് എൻ.സി.ബി അവകാശപ്പെട്ടു. ആര്യൻ ഉൾപ്പെടെ കേസിലെ പ്രതികളെ ഒക്ടോബർ 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 

Tags:    
News Summary - Few months back it was Rhea Chakraborty, now it is Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.