ന്യൂഡല്‍ഹി: കൂടെ ജോലി ചെയ്ത യുവാവ് വിവാഹം കഴിക്കാൻ വിസമ്മതം അറിയിച്ചത് യുവതിയെ പ്രതികാര ദാഹിയാക്കി. തുടർന്ന് സുഹൃത്തിനെ കുടുക്കാൻ ഇവർ സ്വീകരിച്ച വഴി കണ്ട് പൊലീസ് ഞെട്ടിപ്പോയി. യുവാവിനോട് പ്രതികാരം ചെയ്യാൻ 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് ഇവർ അയച്ചത്. യുവാവിന്റെ പേരിൽ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ചെന്നൈയിലെ മള്‍ട്ടിനാഷനല്‍ കമ്പനിയിലെ റോബോട്ടിക് എൻജിനീയർ റെനെ ജോഷില്‍ഡയാണ് (26) അറസ്റ്റിലായത്.
റെനെ ജോഷില്‍ഡയുടെ വൺവേ പ്രണയത്തിനൊടുവിൽ കൂടെ ജോലി ചെയ്ത യുവാവ് വിവാഹം കഴിക്കാൻ വിസമ്മതം അറിയിക്കുകയായിരുന്നു. അഹ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്.
അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനാപകടം നടന്ന ബി.ജെ മെഡിക്കല്‍ കോളജ്, വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് വ്യാജ മെയില്‍ ഐഡികളില്‍ നിന്ന് സന്ദേശം അയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തി. തന്റെ ഐഡന്റിറ്റിയും സ്ഥലവും കണ്ടുപിടിക്കാതിരിക്കാനായി വ്യാജ ഇ-മെയില്‍ ഐഡി, വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്‌സ്, ഡാര്‍ക്ക് വെബ് എന്നിവയിലൂടെയാണ് ഇവർ വ്യാജ ഭീഷണി സന്ദേശം അയച്ചുകൊണ്ടിരുന്നത്.
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവിനെ വിവാഹം കഴിക്കാന്‍ റെനെ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോഷില്‍ഡയുടേത് വണ്‍വേ പ്രണയമായിരുന്നു. ഫെബ്രുവരിയില്‍ ദിവിജ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് ദിവിജിന്റെ പേരില്‍ നിരവധി വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കി ഈ ഐഡികള്‍ ഉപയോഗിച്ച് ബോംബ് ഭീഷണികള്‍ അയക്കുകയായിരുന്നുവെന്ന് പൊലീസ് ജോയന്റ് കമ്മീഷണര്‍ ശരത് സിംഗാള്‍ പറഞ്ഞു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍.
അഹ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം ബോംബ് വെച്ചു തകര്‍ക്കുമെന്ന് 23 തവണയാണ് ഭീഷണി സന്ദേശം അയച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെനെ ജോഷില്‍ഡ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഇവർക്ക് വേറെ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.